ജൈവ വൈവിധ്യ സംരക്ഷണത്തില്‍ രാജ്യത്തിനു മാതൃകയായി പുത്തൂര്‍വയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

പുത്തൂര്‍വയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സംരക്ഷിക്കുന്ന അത്യപൂര്‍വ ഇനം ഓര്‍ക്കിഡ്. പശ്ചിമഘട്ടത്തില്‍നിന്നു ഗവേഷകന്‍ സലിം പിച്ചന്‍ കണ്ടെത്തിയ ഈ ഓര്‍ക്കിഡിനു നിലയം മുന്‍ മേധാവി ഡോ.എന്‍.അനില്‍കുമാറിനോടുള്ള ബഹുമാനാര്‍ത്ഥം ഡെന്‍ഡോര്‍ബിയം അനില്ലി എന്നാണ് നാമകരണം ചെയ്തത്.

കല്‍പറ്റ: വയനാട് പുത്തൂര്‍വയലിലെ ഡോ.എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെ ഭാഗമായ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ജൈവ വൈവിധ്യ സംരക്ഷണത്തില്‍ രാജ്യത്തിനു മാതൃക. ജൈവ വൈവിധ്യ സമൃദ്ധി വിളയാടുന്നാണ് എട്ട് ഹെക്ടര്‍ വിസ്തീര്‍ണമുള്ള ഉദ്യാനം. പശ്ചിമഘട്ടത്തിലെ, പ്രത്യേകിച്ചും മലബാറിലെ നാശോന്‍മുഖമായതും സ്ഥാനീയവുമായ സസ്യങ്ങളുടെ പരിപാലനവും ഔഷധച്ചെടികളുടെ സംരക്ഷണവും മറ്റും ലക്ഷ്യമിട്ട് തുടങ്ങിയതാണ് ഉദ്യാനം. നിലവില്‍ ഇവിടെ വംശനാശം നേരിടുന്ന 112 ഇനങ്ങളില്‍പ്പെട്ട 400 വലിയ വൃക്ഷങ്ങളും 75 ഇനം ഓര്‍ക്കിഡും 500ല്‍ അധികം ഇനം ഔഷധ-ഭക്ഷ്യയോഗ്യ സസ്യങ്ങളും ഉണ്ട്. 162ല്‍ അധികം ഇനം പക്ഷികളുടെയും 93ല്‍ അധികം ഇനം പൂമ്പാറ്റകളുടെയും 25ല്‍ അധികം ഇനം തവളകളുടെയും സാന്നിധ്യം ഉദ്യാനത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനകം 190 ഇനങ്ങളിലായി 2.75 ലക്ഷം തൈകളാണ് ഉദ്യാനത്തിലെ നഴ്‌സറിയില്‍ ഉല്‍പാദിപ്പിച്ചു വിതരണം ചെയ്തത്. മറ്റു ഗവേഷണ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയുമായി സഹകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 ചെറു ഉദ്യാനങ്ങള്‍ പുത്തൂര്‍വയല്‍ നിലയത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിക്കുണ്ട്.

വയനാട് പുത്തൂര്‍വയല്‍ ഡോ.എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍.


നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങളും അംഗീകാരവും പുത്തൂര്‍വയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനു ലഭിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ലീഡ് ഗാര്‍ഡന്‍ പുരസ്‌കാരം, യു.എസ്.എയിലെ മോര്‍ട്ടണ്‍ അര്‍ബൊറേറ്റം നല്‍കുന്ന ലെവല്‍ ഒന്ന് അര്‍ബറേറ്റം അംഗീകാരം എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്.
പശ്ചിമഘട്ടത്തിലെ ചെടികളെക്കുറിച്ചുള്ള പഠനം, അവയുടെ ശാസ്ത്രീയ വര്‍ഗീകരണം, വംശനാശം നേരിടുന്നവയുടെ സംരക്ഷണം എന്നിവ ബൊട്ടാണിക്കല്‍ ഗാര്‍ഡനുമായി ബന്ധപ്പെടുത്തി ഗവേഷണ നിലയം നടത്തുന്നുണ്ട്. പശ്ചിമഘട്ടത്തില്‍ 39 ഇനം പുതിയ സസ്യങ്ങള്‍ കണ്ടെത്തി ശാസ്ത്ര ലോകത്തിനു പരിചയപ്പെടുത്തിയതു നിലയത്തിലെ ഗവേഷകരാണ്. വംശനാശം സംഭവിച്ചു എന്നു കരുതിയിരുന്ന യൂജീനിയ അര്‍ജന്‍സിയ, ഹെഡിയോട്ടീസ് വയനാഡെന്‍സിസ് എന്നിവ വയനാടന്‍ മലനിരകളില്‍നിന്നു 130 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കണ്ടെത്തിയത്. ജില്ലയിലെ പുഷ്പിത സസ്യങ്ങളെക്കുറിച്ചുള്ള പഠനവും നിലയം നടത്തിയിരുന്നു. 2032 ഇനം പുഷ്പിത സസ്യങ്ങളെയാണ് കണ്ടെത്തിയത്. ഇതില്‍ 900 ഇനം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രം കാണുന്നവയാണ്. 52 ഇനങ്ങള്‍ അതീവ വംശനാശം നേരിടുന്നവയുടെ പട്ടികയിലുള്ളതാണ്. വംശനാശം നേരിടുന്നതടക്കം സസ്യങ്ങളുടെ സംരക്ഷണത്തിനു വിവിധ പദ്ധതികള്‍ നിലയം നടപ്പിലാക്കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles