ആസ്പിരേഷണല്‍ ഡിസ്ട്രിക്ട്: ഏകീകൃത മുന്നേറ്റം അനിവാര്യം-സഞ്ജയ് ഗാര്‍ഗ്

കല്‍പറ്റയില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകന യോഗത്തില്‍ കേന്ദ്ര പ്രഭാരി സഞ്ജയ് ഗാര്‍ഗ് സംസാരിക്കുന്നു.

കല്‍പറ്റ: ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രവര്‍ത്തന പുരോഗതിയില്‍ വിവിധ വകുപ്പുകളുടെ ഏകീകൃത മുന്നേറ്റം അനിവാര്യമാണെന്ന് കേന്ദ്ര പ്രഭാരി സഞ്ജയ് ഗാര്‍ഗ്. കലക്ടറേറ്റില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രംഗങ്ങളില്‍ കേരള മാതൃക അഭിനന്ദനീയമാണ്. ക്രിയാത്മകമായ വികസന ആസൂത്രണം ലക്ഷ്യമിട്ടാണ് രാജ്യത്തെ ആസ്പിരേഷണല്‍ ജില്ലകളില്‍ ഒന്നായി വയനാടിനെ പരിഗണിച്ചത്. ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളില്‍ സമഗ്ര വികസനത്തിനു വകുപ്പുകളുടെ കൂട്ടായ പരിശ്രമം വേണം. സാമൂഹികക്ഷേമം, ആരോഗ്യം എന്നീ വകുപ്പുകളുടെ കണ്ണിചേര്‍ന്നുള്ള പ്രവര്‍ത്തനം ഏറെ ഗുണം ചെയ്യും. എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനു പഞ്ചായത്തുകളെ പങ്കാളികളാക്കി ഗ്രാമതലത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉള്‍പ്പടെ വെല്ലുവിളികള്‍ അതിജീവിക്കാനാകണം. കൃഷി ഉപജീവനമാര്‍ഗമാക്കിയവര്‍ ജില്ലയില്‍ ധാരാളമുണ്ട്. കര്‍ഷകര്‍ക്കായുള്ള പദ്ധതികളുടെ നടത്തിപ്പില്‍ വീഴ്ച ഉണ്ടാകരുത്. സുസ്ഥിര കാര്‍ഷിക വികസനത്തിലൂന്നിയ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണം. യന്ത്രവല്‍ക്കരണത്തില്‍ കര്‍ഷകര്‍ക്ക് കാലോചിത പരിശീലനം നല്‍കണം. ജില്ലയുടെ കാലവസ്ഥയ്ക്ക് യോജ്യമായ പഴം-പച്ചക്കറി, കിഴങ്ങുവര്‍ഗ കൃഷികള്‍ പ്രോത്സാഹിപ്പിക്കണം. കാര്‍ഷകരുടെ സാമ്പത്തികഭദ്രത ഉറപ്പാക്കുന്നതിലും ശ്രദ്ധ വേണം. യുവതലമുറയ്ക്കു തൊഴില്‍ നേടാന്‍ ഉതകുന്ന നൈപുണ്യ കേന്ദ്രങ്ങള്‍ ജില്ലയില്‍ കൂടുതല്‍ വേണം. പിന്നാക്ക മേഖലകള്‍ പ്രത്യേകം കണ്ടെത്തി വികസനത്തിന് ഊന്നല്‍ നല്‍കണമെന്നും സഞ്ജയ് ഗാര്‍ഗ് പറഞ്ഞു.
ജില്ലാ കലക്ടര്‍ എ.ഗീത, സബ്കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍.മണിലാല്‍, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.പി.സുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles