സ്ത്രീ സംരംഭങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ശരണ്യ പദ്ധതി

കല്‍പറ്റ: കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിത വിധവകള്‍, നിയമാനുസൃതം വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ/ഭര്‍ത്താവിനെ കാണാതാകുകയോ ചെയ്തവര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍, പട്ടികവര്‍ഗ വിഭാഗത്തിലെ അവിവാഹിത അമ്മമാര്‍ എന്നീ വിഭാഗത്തിലുള്ള വനിതകള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച പലിശരഹിത വായ്പ പദ്ധതിയാണ് ശരണ്യ സ്വയംതൊഴില്‍ പദ്ധതി. ഈ പദ്ധതിയില്‍ 2016ല്‍ ഭിന്നശേഷിക്കാരായ വനിതകളെയും ശയ്യാവലംബരും നിത്യരോഗികളുമായ (അക്യുട്ട് കിഡ്‌നി പ്രോബ്ലം, ക്യാന്‍സര്‍, മാനസികരോഗം, ഹീമോഫീലിയ തുടങ്ങിയവ) ഭര്‍ത്താക്കന്മാരുള്ള വനിതകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എംപ്ലോയ്‌മെന്റ് വകുപ്പ് നേരിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് ഇത്. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്‌ട്രേഷന്‍ നിലവിലുള്ള തൊഴില്‍രഹിതരും 18നും 55നും മദ്ധ്യേ പ്രായമുള്ളവരും (അവിവാഹിതരായ സ്ത്രീകള്‍ക്ക് 30 വയസ്സ് കഴിഞ്ഞിരിക്കണം) കുടുംബവാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ കവിയാത്തവരും വിദ്യാര്‍ത്ഥികള്‍ അല്ലാത്തതുമായ വനിതകള്‍ക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം.
പദ്ധതി പ്രകാരം സ്വയംതൊഴില്‍ ചെയ്യാന്‍ ഒരു വ്യക്തിക്ക് പരമാവധി 50,000 രൂപ വരെ പലിശരഹിത വായ്പ അനുവദിക്കും. പ്രൊജക്ട് പരിശോധിച്ച് ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കും. 50,000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് 3 ശതമാനം ഫ്‌ളാറ്റ് റേറ്റില്‍ പലിശ ഈടാക്കും. വായ്പ തുകയുടെ 50 ശതമാനം പരമാവധി 25,000 രൂപ സബ്‌സിഡിയായി അനുവദിക്കും.
സംരംഭം നല്ല രീതിയില്‍ നടത്തിക്കൊണ്ടു പോകുകയും ആദ്യ വായ്പയുടെ 50 ശതമാനമെങ്കിലും തിരിച്ചടച്ചവര്‍ക്കും സംരംഭം വിപുലീകരിക്കാന്‍ ആദ്യ വായ്പ തുകയുടെ 80 ശതമാനം കവിയാത്ത തുക തുടര്‍ വായ്പയായി (ഒരിക്കല്‍ മാത്രം) കുറഞ്ഞ പലിശനിരക്കില്‍ അനുവദിക്കും.
ബിരുദധാരികളായ വനിതകള്‍ക്കും പ്രൊഫഷണല്‍/സാങ്കേതിക യോഗ്യതയുള്ളവര്‍, ഐ.ടി.ഐ/ ഐ.ടി.സികളില്‍ നിന്ന് വിവിധ ട്രേഡുകളില്‍ പരിശീലന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. വായ്പ ലഭിക്കുന്നവര്‍ ആരംഭിച്ച സംരംഭവും വായ്പ തിരിച്ചടവും നല്ല രീതിയില്‍ നടത്തിക്കൊണ്ട് പോകാം എന്ന ഉറപ്പില്‍ അവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താല്‍ക്കാലികവും സ്ഥിരവുമായ ഒഴിവുകള്‍ക്ക് പരിഗണിക്കും. ഈ പദ്ധതിയില്‍ ധനസഹായം ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് തൊഴില്‍രഹിത വേതനം ലഭിക്കില്ല.
റവന്യു അധികാരി നല്‍കുന്ന മുകളില്‍ പറഞ്ഞിട്ടുള്ള ഏതെങ്കിലും വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ രേഖകളില്‍ ചേര്‍ത്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് നേരിട്ടോ അല്ലെങ്കില്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നോ ശരണ്യ സ്വയം തൊഴില്‍ വായ്പ പദ്ധതിക്കുള്ള അപേക്ഷാ ഫോം ലഭിക്കും. തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രൊജക്ടിന്റെ വിവരം ഉള്‍പ്പെടെ അപേക്ഷ തയ്യാറാക്കി, മേല്‍വിലാസം തെളിയിക്കുന്ന രേഖ, വയസ്സ് തെളിയിക്കുന്ന രേഖ, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ ജില്ലാ/ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ സമര്‍പ്പിക്കണം.

0Shares

Leave a Reply

Your email address will not be published.

Social profiles