പൊലീസ് ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്ത സംഭവം: ഉയരുന്നത് നിരവധി ചോദ്യങ്ങള്‍

കല്‍പറ്റ: ഹാക്ക് ചെയ്യപ്പെട്ട കേരള പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് മണിക്കൂറുകള്‍ക്ക് ശേഷം തിരിച്ചുപിടിച്ചെങ്കിലും ഇതുയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. സൈബര്‍ കേസുകളടക്കം കൈകാര്യം ചെയ്യുന്ന പൊലീസിന്റെ ഔദ്യോഗിക ടി്വറ്റര്‍ ഹാന്റില്‍ വരെ സുരക്ഷിതമല്ലെന്ന സന്ദേശമാണ് ഇന്നലത്തെ സംഭവത്തിലൂടെ പുറത്ത് വരുന്നത്. സോഷ്യല്‍ മീഡിയ ജീവിയായിക്കഴിഞ്ഞ മലയാളിക്ക്, തങ്ങളുടെ അക്കൗണ്ടുകളുടെ സുരക്ഷയെക്കുറിച്ചോ, ഹാക്ക് ചെയ്യപ്പെട്ടാലുണ്ടാവുന്ന നഷ്ടങ്ങളെക്കുറിച്ചോ കാര്യമായ ധാരണയില്ലെന്നതാണ് സത്യം.
ഇന്നലെ രാത്രി എട്ട് മണിയോടെ ഓക് പാരഡൈസ് എന്ന ഹാക്കേഴ്സാണ് ദി കേരള പൊലീസ് എന്ന ട്വിറ്റര്‍ ഹാന്റില്‍ ഹാക്ക് ചെയ്തത്. അക്കൗണ്ടില്‍ നിന്ന് ചെയ്തിരുന്ന ട്വീറ്റുകളെല്ലാം തന്നെ ഹാക്ക് ചെയ്തവര്‍ നീക്കം ചെയ്തിരിന്നു. രാത്രി 7.30ഓടെ ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം എന്‍.എഫ്.ടി വിപണനമാണ് അക്കൗണ്ടിലൂടെ നടന്നത്. 3.14 ലക്ഷം ഫോളോവേഴ്സാണ് കേരള പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ടിനുള്ളത്. 2013 സെപ്തംബര്‍ മുതല്‍ സജീവമായ അക്കൗണ്ടാണിത്. എന്‍എഫ്ടി, ക്രിപ്‌റ്റോ പോലുള്ള ന്യൂജെന്‍ നിക്ഷേപ മാര്‍ഗങ്ങള്‍ക്ക് ജനപിന്തുണ നേടിയെടുക്കാന്‍ കൂടുതല്‍ ഫോളോവേര്‍സുള്ള ഇത്തരം ഹാന്റിലുകള്‍ ഹാക്ക് ചെയ്യുന്ന ന്യൂജന്‍ സംഘങ്ങള്‍ സജീവമാണ്. ഇവരാണ് ഇതിന് പിന്നിലെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.
അതേസമയം ഒരു ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ കനത്ത നഷ്ടങ്ങളാവും സംഭവിക്കുകയെന്ന് സോഷ്യല്‍ മീഡിയ സ്ഥിരമായി കൈകാര്യം ചെയ്യുന്നവര്‍ അറിഞ്ഞിരിക്കണം. ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. മിക്കപ്പോഴും ആളുകള്‍ തങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യവും അക്കൗണ്ടിലെ നിര്‍ണായക വിവരങ്ങളെല്ലാം വിദൂരത്തിരുന്ന് ചിലര്‍ ദുര്‍വിനിയോഗം ചെയ്യുന്നുണ്ടെന്ന കാര്യവും അറിയാറില്ല. ഗൂഗിള്‍ പേ, ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, യുട്യൂബ്, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ഫോട്ടോസ്, ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍ തുടങ്ങിയവെയല്ലാം ഹാക്ക് ചെയ്യപ്പെട്ടേക്കാം. ഈ സാഹചര്യത്തില്‍, നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ കണ്ടെത്താമെന്ന് നോക്കാം:
ഒരാളുടെ അക്കൗണ്ട് ഹാക്ക് ചെയ്തതിന് ശേഷം ഒരു സ്‌കാമര്‍ ആദ്യം ചെയ്യുന്ന കാര്യം അതിലെ പാസ്‌വേര്‍ഡ് മാറ്റുക എന്നതാണ്. അതിനാല്‍, നിങ്ങളുടെ അക്കൗണ്ടില്‍ എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടന്‍ തന്നെ അക്കൗണ്ട് സെറ്റിംഗ്സില്‍ പോയി ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന വിവിധ ആപ്ലിക്കേഷനുകളുടെ പാസ്‌വേര്‍ഡ് മാറ്റുക.

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്ന് എങ്ങിനെ അറിയാം

  • നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് തുറന്ന് ഇടത് നാവിഗേഷന്‍ പാനലില്‍ നിന്ന് ‘സെക്യൂരിറ്റി’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • തുടര്‍ന്ന് ‘റീസെന്റ് സെക്യൂരിറ്റി ഇവന്റ്സ്’ പാനലിന് കീഴിലുള്ള ‘റിവ്യൂ സെക്യൂരിറ്റി ഇവന്റ്സ്’ ക്ലിക്കു ചെയ്യുക.
  • ഇങ്ങനെ ലഭിക്കുന്ന വിന്‍ഡോയിലെ വിവരങ്ങളില്‍ സംശയാസ്പദമായ എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുക. അതില്‍ നിങ്ങള്‍ക്ക് അറിയാത്ത ഒരു പ്രവര്‍ത്തനം കണ്ടെത്തിയാല്‍ ‘നോ, ഇറ്റ് വാസ് നോട്ട് മീ’ തിരഞ്ഞെടുക്കുക. അല്ലാത്തപക്ഷം ‘യെസ്’ തിരഞ്ഞെടുക്കുക. ആരെങ്കിലും പുതിയൊരു ഡിവൈസിലൂടെ നിങ്ങളുടെ അക്കൗണ്ട് ക്രെഡന്‍ഷ്യലുകളിലേക്ക് കടന്നുകയറിയിട്ടുണ്ടോയെന്ന് മനസ്സിലാക്കാന്‍ ചുവടെയുള്ള ഘട്ടങ്ങള്‍ പിന്തുടരുക.

1: നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് തുറന്ന്, ഇടത് നാവിഗേഷന്‍ പാനലില്‍ നിന്ന് ‘സെക്യൂരിറ്റി’ തിരഞ്ഞെടുക്കുക.
2: ഇപ്പോള്‍, ‘യുവര്‍ ഡിവൈസ് പാനല്‍’ ഓപ്ഷനിലെ ‘മാനേജ് ഡിവൈസ്’ തിരഞ്ഞെടുക്കുക.
3: അപ്പോള്‍ നിങ്ങള്‍ ഗൂഗിള്‍ അക്കൗണ്ട് വഴി ലോഗിന്‍ ചെയ്തിരിക്കുന്ന എല്ലാ ഡിവൈസുകളുടെയും ലിസ്റ്റ് കാണാം.
4: ഇതില്‍ നിങ്ങള്‍ക്ക് പരിചിതമല്ലാത്ത ഒരു ഡിവൈസ് കണ്ടെത്തുകയാണെങ്കില്‍, ആ ഉപകരണത്തിന്റെ പേരിന് താഴെയുള്ള ‘മോര്‍ ഡീറ്റെയില്‍സ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
5: ഇനി, ‘ഡോണ്ട് റെക്കഗ്‌നൈസ് ദിസ് ഡിവൈസ്?’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം, അക്കൗണ്ടില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യാനും നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാനുമുള്ള തുടര്‍നടപടികള്‍ പിന്തുടരുക.
നിങ്ങളുടെ ഫോണിലേക്ക് നിങ്ങളുടെ അക്കൗണ്ടിലെ എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനും ഗൂഗിള്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ടിലെ അസ്വാഭാവികമായ സൈന്‍-ഇന്‍ അല്ലെങ്കില്‍ പുതിയ ഡിവൈസിലൂടെയുള്ള ലോഗിന്‍ ചെയ്യല്‍ തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പുകള്‍ ലഭിക്കും. അത് അനുസരിച്ച് നമ്മുക്ക് തുടര്‍ നടപടികള്‍ എടുക്കാന്‍ സാധിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്: ജയേഷ് കൃഷ്ണന്‍

0Shares

Leave a Reply

Your email address will not be published.

Social profiles