ദൂരപരിധി നിശ്ചയിച്ച മന്ത്രിസഭ തീരുമാനം എന്തിനെന്ന് വ്യക്തമാക്കണം: സംഷാദ് മരയ്ക്കാര്‍

കല്‍പറ്റ: ബഫര്‍സോണ്‍ വിഷയത്തില്‍ 2019ല്‍ അന്നത്തെ പിണറായി സര്‍ക്കാര്‍ ദൂരപരിധി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന മ്രന്തിസഭാ യോഗത്തില്‍ വനത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരപരിധി നിശ്ചയിച്ചത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് ജില്ലാ പഞ്ചാത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ആവശ്യപ്പെട്ടു. വനത്തിനോട് ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് വയനാട്ടിലെ ജനങ്ങളുടെ ജീവിതത്തെ തകര്‍ക്കും. ഇതിന് കുടപിടിക്കുന്ന സമീപനമാണ് മന്ത്രിസഭാ യോഗ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ചെയ്തത്. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത നിന്ന് ഗുരുതര വീഴ്ചകളാണുണ്ടായത്. ഇതിന്റെ തെളിവാണ് 2019 ഒക്ടോബര്‍ 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ ദൂരപരിധി നിശ്ചയിച്ച തീരുമാനം. പ്രസ്തുത മന്ത്രിസഭാ തീരുമാനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ എന്നും ഇല്ലെങ്കില്‍ ഈ തീരുമാനം റദ്ദ് ചെയ്തിട്ടുണ്ടോ എന്ന കാര്യവും സര്‍ക്കാര്‍ വ്യക്തമാക്കണം. സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് കേരളത്തിന് അനുകൂലമായ തീരുമാനമുണ്ടാകുമെന്നും അതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നും പറയുന്ന സര്‍ക്കാര്‍ വാദം ജനങ്ങളെ കബളിപ്പിക്കലാണ്. ഇത് അംഗീകരിക്കാനാവില്ല. നിലവിലെ സുപ്രീം കോടതി വിധിയിലും കേരളത്തിന്റെ മന്ത്രിസഭ യോഗമെടുത്ത തീരുമാനത്തിലെയും ദൂരപരിധി ഒന്നാണ്. എന്നാല്‍ ജനങ്ങളുടെ ആക്ഷേപങ്ങള്‍ പരിഗണിച്ച് സര്‍ക്കാരിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉന്നതാധികാര കമ്മിറ്റികള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം. ഈ കമ്മിറ്റിയുടെ ശുപാര്‍ശയോട് കൂടി സുപ്രീം കോടതിയെ സമീപിക്കാനുമുള്ള അവസരമുണ്ട് എന്ന വാദം കോടതി ഉന്നയിച്ചാല്‍ കേരളത്തിന് അനുകൂലമായ നിലപാടുകള്‍ ഉണ്ടാവാന്‍ സാധ്യതയില്ല. ഇക്കാരണത്താല്‍ തന്നെ മുന്‍ മന്ത്രിസഭ തീരുമാനം റദ്ദ് ചെയ്ത് വേണം കോടതിയെ സമീപിക്കാന്‍. അല്ലാത്തപക്ഷം കാര്യങ്ങള്‍ കൈവിട്ടുപോകും. ലാന്‍ഡ് യൂട്ട്ലൈസേഷന്‍ എന്നത് സംസ്ഥാനത്തിന്റെ മാത്രം പരിഗണനയിലുള്ള വിഷയമായതിനാല്‍ കേന്ദ്രമോ, സുപ്രീം കോടതിയോ നല്‍കുന്ന നിര്‍ദേശങ്ങള്‍ മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തുക എന്നുള്ളതാണ് പോംവഴി. വസ്തുതകള്‍ ഇതായിരിക്കെ ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് തിരുത്തപ്പെടേണ്ടതാണ്. ജനങ്ങള്‍ക്കൊപ്പമെന്ന് പറയുകയും സമരത്തിന് മുന്നിട്ടിറങ്ങുകയും ചെയ്ത് ഇടതുപക്ഷം ആദ്യം സര്‍ക്കാരിന്റെ വീഴ്ചക്കെതിരെ സമരം നയിക്കുകയാണ് വേണ്ടത്. മനുഷ്യമതില്‍ തീര്‍ത്തും പ്രസ്താവനകളിറക്കിയും ജനങ്ങളെ വഞ്ചിക്കല്‍ തുടുരുന്ന സമീപനം അവസാനിപ്പിക്കാനും ഇടതുപക്ഷം തയ്യാറാവണമെന്നും സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles