ഇത് വടക്കന്‍ കൊറിയ അല്ല, കേരളം-കെ.സുരേന്ദ്രന്‍

കല്‍പറ്റ: പിണറായി വിജയന്‍ കിം ജോങ് ഉന്‍ ആകാന്‍ ശ്രമിച്ചാല്‍ കേരളത്തില്‍ നടക്കില്ലെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കല്‍പറ്റയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകളെ ഭീഷണിപ്പെടുത്തി വായ അടപ്പിക്കാമെന്നതു പിണറായിയുടെ വ്യാമോഹമാണ്. ഇതു വടക്കന്‍ കൊറിയ അല്ല, കേരളമാണ്.
സംസ്ഥാനം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. കെ.ടി.ജലീലിന്‍െ പരാതിയുടെ അടിസ്ഥാനത്തില്‍ പി.സി.ജോര്‍ജിനും സ്വപ്‌ന സുരേഷിനുമെതിരെ കേസെടുത്ത പോലീസ് നടപടി അങ്ങേയറ്റം നിന്ദ്യമാണ്. പിണറായി വിജയന്‍ വലിയ ഭീരുവാണെന്നതിനു ഇതു തെളിവാണ്. മുഖ്യമന്ത്രിക്കെതിരായ ഒരു പരാതി കോടതിയില്‍ രഹസ്യമൊഴിയായി കൊടുത്തതിന്റെ പേരില്‍ കള്ളക്കേസ് എടുക്കുന്നത് ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. പിണറായിക്ക് ഇപ്പോള്‍ എല്ലാവരെയും ഭയമാണ്. 164 സ്‌റ്റേറ്റ്‌മെന്റ് കൊടുത്തതിന്റെ പേരില്‍ കേസടുക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അടിയന്തരാവസ്ഥയില്‍ പോലും വ്യക്തികള്‍ക്കു കോടതികളില്‍ അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
അടിയന്താവസ്ഥയെ നാണിപ്പിക്കുന്ന പോലീസ് നടപടിയാണ് പിണറായി വിജയന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ബി.ജെ.പി ശക്തമായ നിലപാട് സ്വീകരിക്കും. പി.സി.ജോര്‍ജിനെയും സ്വപ്‌ന സുരേഷിനെയും മറ്റും ഇത്തരത്തില്‍ പീഡിപ്പിക്കാനാണ് നീക്കമെങ്കില്‍ എല്ലാ ശക്തിയുമെടുത്ത് ബി.ജെ.പി രംഗത്തുവരും. സ്വപ്‌ന സുരേഷ് കോടതിയില്‍ പറഞ്ഞ കാര്യങ്ങളിലാണ് അന്വേഷണം വേണ്ടത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ജനങ്ങള്‍ക്കു മുന്നില്‍ മറുപടി പറയാന്‍ കഴിയാത്ത മുഖ്യമന്ത്രി പോലീസിനെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുകയാണ്. അതാണ് കഴിഞ്ഞ ദിവസം സരിത്തിന്റെ കാര്യത്തില്‍ കണ്ടത്. ഇനിയും കേസുകള്‍ എടുക്കുമെന്നാണ് പറയുന്നത്. തനിക്കെതിരായ വസ്തുതാപരമായ ആരോപണങ്ങളെ ആര്‍.എസ്.എസിനെ മറയാക്കി ചെറുക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുകയാണ്. നിയമത്തിന്റെ വഴിയാണ് പിണറായി വിജയന്‍ തേടേണ്ടത്. കോടതിയില്‍ സത്യം വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയാറാകണം. ഭീഷണിപ്പെടുത്തി വരുതിലാക്കുന്നതു ഭീരുത്വമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles