ശിരസ് അറ്റ നിലയില്‍ പുഴയില്‍ കണ്ടതു ഡ്രൈവറുടെ മൃതദേഹമെന്നു സംശയം

മാനന്തവാടി: മാനന്തവാടി പുഴയില്‍ ചങ്ങാടക്കടവ് പാലത്തിനു സമീപം ശിരസ് അറ്റ നിലയില്‍ ഇന്നു രാവിലെ കണ്ടെത്തിയതു ഡ്രൈവറുടെ മൃതദേഹമെന്നു സംശയം. ഫുള്‍കൈ ഷര്‍ട്ടിനു മുകളില്‍ കാക്കി നിറമുള്ള ഹാഫ്‌കൈ ഷര്‍ട്ടും അണിഞ്ഞതാണ് ഈ സന്ദേഹത്തിനു ആധാരം.
രാവിലെയാണ് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. പോലീസും അഗ്നി-രക്ഷാസേനയും നടത്തിയ പരിശോധനയിലാണ് തലയറ്റ നിലയിലാണ് മൃതദേഹമെന്നു സ്ഥീകീരിച്ചത്.
ഇരുനിറമുള്ള ആരോഗ്യവാനായ പുരുഷന്റേതാണ് മൃതദേഹം. പാന്റിനു മുകളില്‍ വെള്ളക്കരയുള്ള മുണ്ട് ധരിച്ചിട്ടുണ്ട്. കറുപ്പുനിറമുള്ളതാണ് ചെരിപ്പ്. ഇടതു കൈത്തണ്ടയില്‍ ടൈമെക്‌സ് കമ്പനിയുടെ സ്വര്‍ണനിറമുള്ള ചെയിനോടുകൂടിയ വാച്ചുണ്ട്.വലതുകാല്‍ ഉപ്പൂറ്റി ബാന്‍ഡേജ് ചുറ്റിക്കെട്ടിയ നിലയിലാണ്. ഉപ്പൂറ്റിയില്‍ പഴയ മുറിവുണ്ട്. ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നു ഗുളിക, തീപ്പെട്ടി എന്നിവ കണ്ടെത്തിയിട്ടുണ്ട്. പാലത്തിന്റെ കൈവരിയിലെ പൊട്ടിയ നിലയിലുള്ള ചെറിയ കയര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
മൃതദേഹം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. മരിച്ചയാളുടെ ശിരസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
മരിച്ചയാളെക്കുറിച്ചു എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ 04935240232, 9497980816, 9497987199 എന്നീ നമ്പറുകളിലൊന്നില്‍ ബന്ധപ്പെടണമെന്നു പോലീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: ബിജു കിഴക്കേടം

0Shares

Leave a Reply

Your email address will not be published.

Social profiles