കൂട്ടുകാര്‍ നഷ്ടമായതിന്റെ വേദനയില്‍ യാദവും ഫവാസും

കല്‍പറ്റ: കൂട്ടുകാര്‍ നഷ്ടമായതിന്റെ വേദനയിലാണ് ഇന്നലെ രാവിലെ മുട്ടില്‍ വാര്യാടിനു സമീപം കാര്‍ അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട യാദവും ഫവാസും. അനന്തു, യദുകൃഷ്ണന്‍, മിഥുന്‍ എന്നിവര്‍ ഇനി ഇല്ല എന്ന യാഥാര്‍ഥ്യം തകര്‍ക്കുകയാണ് ഇരുവരുടെയും നെഞ്ചകം. കേട്ടറിഞ്ഞ ദേശം കണ്ടറിയാനുള്ള മോഹമാണ് കോയമ്പത്തൂര്‍ നെഹ്‌റു കോളജിലെ ചങ്ങാതിക്കൂട്ടത്തെ കഴിഞ്ഞ ദിവസം വയനാട്ടില്‍ എത്തിച്ചത്. അനന്തുവിനൊപ്പം ആഘോഷത്തോടെ നടത്തിയ വയനാട് യാത്ര യാദവിനും ഫവാസിനും കണ്ണീര്‍ യാത്രയായി. മൂന്നു വിദ്യാര്‍ഥികളുടെ വിയോഗം മൂന്നു കുടുംബങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും തീരാവേദനയായി.
കഴിയുന്നത്ര ടൂറിസം ഇടങ്ങള്‍ ഒറ്റ ദിവസംകൊണ്ടുതന്നെ കാണണമെന്ന ആഗ്രഹത്തില്‍ ഇന്നലെ പുലര്‍ച്ചെ വീട്ടില്‍നിന്നു ഇറങ്ങിയതാണ് കൂട്ടുകാര്‍. അനന്തുവിന്റെ പിതാവിന്റെ കാറിലായിരുന്നു യാത്ര. കളിയും ചിരിയും കിലോമീറ്ററുകള്‍ക്കപ്പുറം ദീന വിലാപങ്ങള്‍ക്കു വഴിമാറുമെന്നു അവര്‍ അറിഞ്ഞില്ല.
കോഴിക്കോട്-കൊല്ലേഗല്‍ ദേശീയപാതയില്‍ വയനാട്ടിലൂടെ കടന്നുപോകുന്ന ഭാഗത്തെ സ്ഥിരം അപകട മേഖലയാണ് വാര്യാട്. ജൂണ്‍ നാലിന് ഇവിടെ കാറും ജീപ്പും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ കൃഷ്ണഗിരി സ്വദേശിക്ക് പരിക്കേറ്റിരുന്നു. ജൂണ്‍ 28നു കാര്‍-സ്‌കൂട്ടര്‍ അപകടവും ഇവിടെ ഉണ്ടായി. സ്‌കൂട്ടര്‍ യാത്രക്കാരിക്കും റോഡരികില്‍ നില്‍ക്കുകയായിരുന്ന ഹോട്ടല്‍ ജീവനക്കാരിക്കും പരിക്കേറ്റു. വാഹനങ്ങളുടെ അമിത വേഗതയും ഓടിക്കുന്നയാളുടെ അശ്രദ്ധയുമാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാകുന്നതെന്നു വാര്യാട് നിവാസികള്‍ പറയുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles