ആഫ്രിക്കന്‍ പനി: നാലു ഫാമുകളിലായി ദയാവധം ചെയ്തതു 450 ഓളം പന്നികളെ

കല്‍പറ്റ:ആഫ്രിക്കന്‍ പനി സ്ഥിരീകരിച്ചതും ഇതിനു ഒരു കിലോമീറ്റര്‍ പരിധിയിലും ഉള്ള നാലു ഫാമുകളിലായി ദയാവധം ചെയ്തതു 450 ഓളം പന്നികളെ. തവിഞ്ഞാല്‍ കരിമാനിയിലെ സ്വകാര്യ ഫാമില്‍ 350 ഉം മാനന്തവാടി കണിയാരത്തിനടുത്തു മൂന്നു ഫാമുകളിലായി കുഞ്ഞുങ്ങളടക്കം നൂറോളവും
പന്നികളെയാണ് ദയാവധത്തിനു വിധേയമാക്കിയത്. കണിയാരത്തിനടുത്തു രോഗം ബാധിച്ചു മുഴുവന്‍ പന്നികളും ചത്ത ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള മൂന്നു ഫാമുകളില്‍ ഇന്നലെയായിരുന്നു ദയാവധം. കുറ്റിമൂലയില്‍ വിപീഷ് പുത്തന്‍പുരയുടെ ഫാമിലെ 29 പന്നികളെയാണ് ദൗത്യസംഘം ആദ്യം ദയാവധത്തിന് വിധേയമാക്കിയത്. ഉച്ചകഴിഞ്ഞ രണ്ടിനു ആരംഭിച്ച നടപടികള്‍ ഒന്നര മണിക്കൂര്‍കൊണ്ടു പൂര്‍ത്തിയാക്കി. ഫാം പ്രവര്‍ത്തിക്കുന്നതു ഏഴു സെന്റ് സ്ഥലത്തായതിനാല്‍ ഫാം ഉടമയുടെ ബന്ധുവിന്റെ സ്ഥലത്താണ് കുഴിയെടുത്തു ജഡങ്ങള്‍ മറവുചെയ്തത്. കുറ്റിമൂലയിലേതിനുശേഷം കല്ലുമുട്ടംകുന്നിലെ മൂത്താശേരി ഷാജിയുടെ ഫാമിലെ ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളടക്കം 31 പന്നികളെയാണ് ദയാവധം ചെയ്തത്. വൈകുന്നേരം ആറോടെയാണ് ഇവിടെ നടപടികള്‍ തുടങ്ങിയത്. കുഴിനിലം വെളിയത്ത് കുര്യാക്കോസിന്റെ ഫാമിലെ പന്നികളെ ദയാവധം ചെയ്താണ് 24 അംഗ റാപിഡ് റെസ്‌പോണ്‍സ് ടീം രാത്രി വൈകി ദൗത്യം പൂര്‍ത്തിയാക്കിയത്. ദയാവധത്തിനുശേഷം മൂന്നു ഫാമുകളും പരിസരവും അണുവിമുക്തമാക്കി. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.കെ. ജയരാജിനായിരുന്നു നടപടിക്രമങ്ങളുടെ ഏകോപന ചുമതല. കാട്ടിക്കുളം വെറ്ററിനറി സര്‍ജന്‍ ഡോ.വി. ജയേഷിന്റെയും മാനന്തവാടി വെറ്ററിനറി പോളി ക്ലിനിക് സര്‍ജന്‍ ഡോ.കെ. ജവഹറിന്റെയും നേതൃത്വത്തിലായിരുന്നു കണിയാരത്തു ആര്‍ആര്‍ടി പ്രവര്‍ത്തനം. ടീം അംഗങ്ങള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.
അതിനിടെ, കരിമാനിയില്‍ ദയാവധത്തിനു വിധേയമാക്കിയ പന്നികളുടെ ഉടമയ്ക്കു നഷ്ടപരിഹാരമായി ഏകദേശം 19 ലക്ഷം രൂപ
ലഭിക്കുമെന്നു മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദേശീയ രോഗ നിയന്ത്രണ പ്രോട്ടോകോള്‍ പ്രകാരം ദയാവധം ചെയ്യപ്പെട്ട ഉരുക്കള്‍ക്കാണ് നഷ്ടപരിഹാരത്തിന് അര്‍ഹത.ആഫ്രിക്കന്‍ പന്നിപ്പനി ജന്തുജന്യ രോഗമല്ല. അതിനാല്‍ നിരീക്ഷണ മേഖലയില്‍ ഒഴികെ പന്നിമാംസം വാങ്ങുന്നതും നന്നായി വേവിച്ച് ഉപയോഗിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകില്ലെന്നു ജില്ലാ എപിഡെമിയോളോജിസ്റ്റ് ഡോ.നീതു ദിവാകര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles