നേപ്പാള്‍ സ്വദേശിനിക്കു ആംബുലന്‍സില്‍ സുഖപ്രസവം

പൈലറ്റ് സോബിന്‍ ബാബു, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ രമ്യ രാഘവന്‍, പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം നഴ്‌സിംഗ് ഓഫീസര്‍ വിജി എന്നിവര്‍ കനിവ് 108 ആംബുലന്‍സിനു മുന്നില്‍.

കല്‍പ്പറ്റ: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ നേപ്പാള്‍ സ്വദേശിനിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം. പുല്‍പ്പള്ളി സീതാമൗണ്ടില്‍ താമസിക്കുന്ന വീരേന്തിന്റെ ഭാര്യ രാജമസിയാണ്(23)ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. വ്യാഴാഴ്ച രാവിലെ പുല്‍പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ച രാജമസിയെ ഡോക്ടര്‍ വിദഗ്ധ ചികിത്സയ്ക്കു ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. കനിവ ആംബുലന്‍സില്‍ ബത്തേരിക്കുള്ള യാത്രയ്ക്കിടെ പാമ്പയിലെത്തിയപ്പോള്‍ രാജമസിക്കു പ്രസവവേദന കലശലായി. എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ രമ്യ രാഘവന്റെ പരിശോധനയില്‍ പ്രസവം എടുക്കാതെ യാത്ര തുടരാനാനാവില്ലെന്നു ബോധ്യപ്പെട്ടു. ഇതേത്തുടര്‍ന്നു അവരുടെയും നഴ്‌സിംഗ് ഓഫീസര്‍ വിജിയുടെയും പരിചരണത്തില്‍ രാജമസി കുഞ്ഞിന് ജന്‍മം നല്‍കുകയായിരുന്നു. പ്രസവശേഷം ആശുപത്രിയിലെത്തിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. സോബിന്‍ ബാബുവായിരുന്നു ആംബുലന്‍സ് പൈലറ്റ്.

0Shares

Leave a Reply

Your email address will not be published.

Social profiles