തിരുനെല്ലിയില്‍ പിതൃതര്‍പ്പണത്തിനു ആയിരങ്ങളെത്തി

തിരുനെല്ലി പാപനാശിനിയില്‍ നടന്ന പിതൃതര്‍പ്പണം.

മാനന്തവാടി: ദക്ഷിണകാശിയെന്നു പുകള്‍പെറ്റ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കടകവാവുദിനത്തില്‍ പിതൃതര്‍പ്പണത്തിനു എത്തിയതു ആയിരങ്ങള്‍. പാപനാശിനിക്കരയില്‍ പുലര്‍ച്ചെ മൂന്നിനു തുടങ്ങിയ
ബലിതര്‍പ്പണം ഉച്ചവരെ നീണ്ടു. മഴ മാറിനിന്നത് വിശ്വാസികള്‍ക്ക് അനുഗ്രഹമായി. ബുധനാഴ്ച വൈകുന്നേരം മുതല്‍ തിരുനെല്ലിയിലേക്കു ജനപ്രവാഹമായിരുന്നു. ബലിതര്‍പ്പണത്തിനു വന്നവരടക്കമുള്ളവരുടെ വാഹനങ്ങള്‍ കാട്ടിക്കുളത്തു തടഞ്ഞു. ഇവിടെനിന്നു കെഎസ്ആര്‍ടിസി ബസുകളിലാണ് ആളുകളെ തിരുനെല്ലിയിലെത്തിച്ചത്. ക്ഷേത്രത്തിലെത്തിയവര്‍ക്ക് ദേവസ്വം ബുധനാഴ്ച അത്താഴവും ഇന്നലെ രാവിലെ ലഘു ഭക്ഷണവും സൗജന്യമായി നല്‍കി. ഇതര ജില്ലകളില്‍നിന്നു തിരുനെല്ലിക്കു കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തി. ക്ഷേത്രത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.സി. സദാനന്ദന്‍, പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ്, മാനേജര്‍ പി.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാപനാശിനിക്കരയില്‍ ബലിതര്‍പ്പണത്തിന് കെ.കെ. ശ്രീധരന്‍ പോറ്റി, കെ.കെ. ശംഭുപോറ്റി, കെ. ദാമോദരന്‍ പോറ്റി, ശ്രീകുമാര്‍ എന്‍. പോറ്റി, ഡി.കെ. അച്യുത ശര്‍മ, കെ.എല്‍. ശങ്കരനാരായണ ശര്‍മ, കെ.എല്‍. രാധാകൃഷ്ണ ശര്‍മ, ഗണേശന്‍ ഭട്ടതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, രഞ്ജിത്ത് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകളില്‍ മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. കീഴ്ശാന്തിമാരായ കെ.എല്‍. രാമചന്ദ്ര ശര്‍മ, അരിങ്ങോട് രാമചന്ദ്രന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മികരായി. മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍.കെ. ബൈജു, ദേവസ്വം ബോര്‍ഡ് അംഗം കെ. രാമചന്ദ്രന്‍ എന്നിവര്‍ ക്ഷേത്രത്തിലെത്തി ഒരുക്കം വിലയിരുത്തിയിരുന്നു.
ബത്തേരി പൊന്‍കുഴി ശ്രീരാമക്ഷേത്രം, മണിയങ്കോട് മഹാവിഷ്ണുക്ഷേത്രം, മീനങ്ങാടി മലക്കാട് മഹാദേവ ക്ഷേത്രം, കാക്കവയല്‍ പൂമാമ പരദേവത ക്ഷേത്രം, വൈത്തിരി വൈദ്യഗിരി സുബ്രഹ്മണ്യക്ഷേത്രം, പാമ്പ്ര ചേലക്കൊല്ലി ശിവക്ഷേത്രം, പുത്തൂര്‍വയല്‍ ഉമാമഹേശ്വര ക്ഷേത്രം, ചുണ്ടേല്‍ പക്കാളിപ്പള്ളം ആദിപരാശക്തി വിഷ്ണുമായ ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലും ബലിതര്‍പ്പണം നടന്നു.

റിപ്പോര്‍ട്ട്: ബിജു കിഴക്കേടം

0Shares

Leave a Reply

Your email address will not be published.

Social profiles