സാദിഖലി ശിഹാബ് തങ്ങളുടെ സ്ഥാനാരോഹണം: മൂവായിരം പേര്‍ പങ്കെടുക്കും

കല്‍പറ്റ: വയനാട് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നാളെ ചുമതലയേല്‍ക്കും. ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞു മൂന്നിനാണ് സ്ഥാനാരോഹണച്ചടങ്ങ്. പരിപാടിയില്‍ ജില്ലയിലെ വിവിധ മഹല്ലുകളില്‍നിന്നായി മൂവായിരത്തോളം പേര്‍ പങ്കെടുക്കും. സുന്നി മഹല്ല് ഫെഡറേഷന്‍(എസ്എംഎഫ്) ജില്ലാ പ്രസിഡന്റ് കാഞ്ഞായി മമ്മൂട്ടി മുസ്‌ലിയാര്‍, സമസ്ത ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി, എസ്എംഎഫ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, സെക്രട്ടറിമാരായ ഹാരിസ് ബാഖവി കമ്പളക്കാട്, കെ.സി. ഉസ്മാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.
ജില്ലയുടെ മൂന്നാമത് ഖാസിയായാണ് സാദിഖലി തങ്ങള്‍ ചുമതലയേക്കുന്നത്. ഇസ്‌ലാമിക നിയമങ്ങള്‍ അനുസരിച്ചു വിധി പ്രഖ്യാപിക്കാനും വിശ്വാസ-അനുഷ്ഠാന കര്‍മങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനും അധികാരമുള്ളയാളാണ് ഖാസി. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, ഇം ഇയ്യത്തുല്‍ മു അല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ബഹാവുദ്ദീന്‍ നദ്‌വി കൂരിയാട്, എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ടി. ഹംസ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍ എന്നിവര്‍ പരിപാടിയില്‍ വിശിഷ്ടാതിഥികളാകും.

0Shares

Leave a Reply

Your email address will not be published.

Social profiles