ടൂറിസം: ഓണം വാരാഘോഷം നാളെ തുടങ്ങും

മൂന്ന് കേന്ദ്രങ്ങളില്‍ വിവിധ പരിപാടികള്‍

കല്‍പറ്റ: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ഓണം വാരാഘോഷം ചൊവ്വാഴ്ച്ച തുടങ്ങും. ജില്ലാ ഭരണകൂടത്തിന്റെയും ത്രിതല പഞ്ചായത്തുകളും സഹകരണത്തോടെയാണ് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടക്കുക. നാളെ വൈകീട്ട് 5ന് മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ ഒ.ആര്‍ കേളു എം.എല്‍.എ ജില്ലാതല ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സി. കെ രത്നവല്ലി അധ്യക്ഷത വഹിക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഞെരളത്ത് ഹരിഗോവിന്ദനും സംഘവും അവതരിപ്പിക്കുന്ന സോപാന സംഗീതവും, പാലക്കാട് തോല്‍പ്പാവാക്കുത്ത് കേന്ദ്രം അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്തും അരങ്ങേറും. കാര്‍ളാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ പൂക്കള മത്സരം, ഓണപ്പാട്ട് മത്സരം, വടംവലി, കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങളും നടക്കും. അമ്പലവയല്‍ ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രത്തില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട്, പൂക്കള മത്സരം, കലം തല്ലി പൊട്ടിക്കല്‍, ഓട്ട മത്സരം, കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങളും നടക്കും. മാവിലാംതോട് പഴശ്ശി സ്മാരകത്തില്‍ ക്രിക്കറ്റ് ബോള്‍ ഔട്ട് മത്സരം, വടംവലി, പൂക്കള മത്സരം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുളള മത്സരങ്ങളും ഒന്നാം ദിവസം നടക്കും.
സെപ്തംബര്‍ 11 വരെയാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നത്. വാരാഘോഷത്തിന് മുന്നോടിയായി തിങ്കളാഴ്ച്ച മാനന്തവാടിയില്‍ വിളംബര ജാഥ നടത്തി. വാരാഘോഷത്തിന്റെ സമാപന സമ്മേളനം സെപ്റ്റംബര്‍ 10ന് കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തും. ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സിലുകള്‍, ടൂറിസം ക്ലബ്ബുകള്‍, ടൂറിസം ഓര്‍ഗനൈസേഷനുകള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും വൈകീട്ട് 5 മുതലാണ് കലാപരിപാടികള്‍ അരങ്ങേറുക.

0Shares

Leave a Reply

Your email address will not be published.

Social profiles