പ്ലസ് വണ്‍ അധികബാച്ചുകള്‍: എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച്

എം.എസ്.എഫ് നടത്തി മാര്‍ച്ച് കലക്ടറേറ്റ് പടിക്കല്‍ പൊലീസ് തടയുന്നു

കല്‍പറ്റ: ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി അധിക ബാച്ചുകള്‍ അനുവദിക്കണമെന്നും സര്‍വ്വകലാശാലകളില്‍ ഓപ്പണ്‍ രജിസ്ട്രേഷന്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കലക്ടറേറ്റ് പടിക്കല്‍ പൊലീസ് തടഞ്ഞു. വിദ്യാഭ്യാസമേഖലയില്‍ ജില്ലയോട് തുടരുന്ന അവഗണക്കെതിരെയായിരുന്നു മാര്‍ച്ച്. ഹയര്‍സെക്കന്ററി- ഉന്നതവിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം ജില്ലയെ അവഗണിക്കുകയാണെന്നും ജില്ലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും എം.എസ്.എഫ് കുറ്റപ്പെടുത്തി. ജില്ലയില്‍ പ്രഖ്യാപിച്ച സ്ഥാപനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല.സുല്‍ത്താന്‍ ബത്തേരി ഗവണ്മെന്റ് കോളേജുള്‍പ്പെടെ സ്ഥാപനങ്ങള്‍ പ്രഖ്യാപനത്തിലൊതുങ്ങിനില്‍ക്കുകയാണ്. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയെ സര്‍ക്കാര്‍ മുഖവിലക്കെടുക്കണമെന്നും ജില്ലയില്‍ അധികബാച്ചുകള്‍ അനുവദിക്കണമെന്നും ജില്ലയിലെ എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ നിന്നുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ബന്ധമായും തുടര്‍പഠനത്തിന് അവസരമൊരുക്കണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. മാര്‍ച്ച് സംസ്ഥാന ജന.സെക്രട്ടറി സി.കെ.നജാഫ് ഉദ്ഘാടനം ചെയ്തു. മലബാറിനെ സര്‍ക്കാര്‍ ആസൂത്രിതമായി അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി.നവാസ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സഫ്വാന്‍ വെള്ളമുണ്ട, ജന.സെക്രട്ടറി പി.എം.റിന്‍ഷാദ്, ട്രഷറര്‍ മുനവ്വറലി സാദത്ത്, വൈസ് പ്രസിഡന്റ് ഷംസീര്‍ ചെറ്റപ്പാലം, ഫായിസ് തലക്കല്‍, അമീനുല്‍ മുക്താര്‍, ഫസല്‍ കമ്പളക്കാട്, റഈസ് വേങ്ങൂര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles