ഇന്ന് ഉത്രാടം; മഴപ്പേടിയില്‍ നാട്

കല്‍പറ്റ: ഇന്ന് ഉത്രാടം. നാടും നഗരവും ഉത്രാടപ്പാച്ചിലിന്റെ തിരക്കിലേക്ക് നീങ്ങുന്നതിനിടെ മഴ ഭീതിയും. ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച വയനാട്ടില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്. അതേസമയം കഴിഞ്ഞ രണ്ട് വര്‍ഷവും നഷ്ടപ്പെട്ട ആഘോഷം ഇത്തവണ തിരിച്ചു പിടിക്കുന്നതിലുള്ള തിരക്കിലാണ് നാട്. തിരുവോണം കെങ്കേമമാക്കാന്‍ അവസാന വട്ട ഓട്ടപ്പാച്ചില്‍ നടക്കുന്ന ദിവസമാണ് ഇന്ന്. ഓണക്കോടിക്കും സദ്യവട്ടങ്ങള്‍ക്കും പൂക്കളമൊരുക്കുന്നതിനുമായി ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ്. ഓണത്തിന് പച്ചക്കറി, പഴം, പൂ, വസ്ത്ര വിപണികളാണ് ഏറ്റവും സജീവമാകുക. ആവശ്യക്കാരേറിയതോടെ ഇതിനെല്ലാം വിലയേറുകയും ചെയ്തു. അത്തം ദിനത്തിലെ വിലയല്ല ഇപ്പോള്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്ന പൂക്കള്‍ക്ക്. നാട്ടിലെ വിളവെടുപ്പില്‍ നിന്നുള്ള നാടന്‍ ഉത്പ്പന്നങ്ങളും വിപണിയിലുണ്ട് എങ്കിലും ലഭ്യത കുറവായത് കൊണ്ട് തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തിക്കുന്ന പച്ചക്കറിക്കും പൂവിനുമാണ് ആവശ്യക്കാര്‍. മുന്‍ വര്‍ഷങ്ങളില്‍ ഇല്ലാതിരുന്ന വഴിയോര വാണിജ്യവും ഇത്തവണ സജീവമാകുന്നുണ്ട്. അത്തം മുതല്‍ തന്നെ പൂവിനും വറുത്ത ഉപ്പേരിക്കും ആവശ്യക്കാരെത്തി തുടങ്ങിയിരുന്നു. വില കൂടുതലാണെങ്കിലും പൂ വില്‍പ്പന തകൃതിയായ നടക്കുന്നുണ്ട്. ഇന്ന് ഉത്രാട ദിനത്തില്‍ പൂവിന് ആവശ്യക്കാരേറെയെത്തും. അത്തം നാള്‍ മുതല്‍ പൂക്കളമൊരുക്കാത്തവരും ഇന്ന് വൈകുന്നേരം തന്നെ പൂക്കളമിട്ട് ഓണത്തിന് തയ്യാറാകും.
വറുത്ത ഉപ്പേരിയുടെയും ശര്‍ക്കര ഉപ്പേരിയുടെയും കച്ചവടവും ഉഷാറാകുന്നുണ്ട്. ഓണം മുന്നില്‍ കണ്ടുള്ള ഉപ്പേരികളുടെ പണികള്‍ നേരത്തെ തുടങ്ങിയിരുന്നു. 300 രൂപയാണ് രണ്ടിനും വില. ആവശ്യക്കാര്‍ തിരുവോണത്തോടടുത്തുള്ള ദിവസങ്ങളിലാണെത്തുക. സദ്യക്കും പ്രവാസികള്‍ക്ക് മടങ്ങുമ്പോള്‍ കൊണ്ടുപോകാനും ഉപ്പേരികള്‍ വാങ്ങുന്ന പതിവുണ്ട്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ക്ലബ്ബുകള്‍ എന്നിവിങ്ങളില്‍ നിന്നെല്ലാം ഓര്‍ഡറുകളുമുണ്ടാവാറുണ്ട്. വയനാട്ടില്‍ നേന്ത്രക്കായയുടെ ലഭ്യത കുറവായതിനാല്‍ കോഴിക്കോട് നിന്നും ഉപ്പേരിക്കായി കായ എത്തിക്കുന്നുണ്ട്. ഇതിന് 360 രൂപയാണ് കിലോക്ക് വില. വയനാടന് 320 രൂപയുമാണ് വില. പഞ്ചായത്ത്തലങ്ങളില്‍ കുടുംബശ്രീ നടത്തുന്ന മേളകളിലും തിരക്കേറുമെന്നാണ് പ്രതീക്ഷ. സംരംഭകള്‍ തയ്യാറാക്കിയ ജൈവ പച്ചക്കറി, വിവിധയിനം അച്ചാറുകള്‍, ചക്കപപ്പടം, വടുക്, പലഹാരങ്ങള്‍, ചോക്കലേറ്റ്, അരി, മസാലപൊടികള്‍, വെളിച്ചെണ്ണ, മുളയുത്പ്പന്നങ്ങള്‍, ചിരട്ടയുല്പ്പന്നങ്ങള്‍ തുടങ്ങിയവയാണ് മേളയിലെ പ്രധാന ഇനങ്ങള്‍.

0Shares

Leave a Reply

Your email address will not be published.

Social profiles