വയനാട് മെഡിക്കല്‍ കോളജ്: ആക്ഷന്‍ കമ്മിറ്റി സമരമുഖം തുറക്കുന്നു

കല്‍പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളജ് കോട്ടത്തറ വില്ലേജിലെ മടക്കിമലയില്‍ മുമ്പ് സൗജന്യമായി സര്‍ക്കാരിനു വിട്ടുകിട്ടിയതും നിലവില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശത്തിലുള്ളതുമായ ഭൂമിയില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭം തുടങ്ങുന്നു. സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമരം. ഇതിന്റെ ഭാഗമായി 15നു വയനാട് കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തുമെന്നു ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.പി. ഫിലിപ്പുകുട്ടി, വൈസ് ചെയര്‍മാന്‍ ഗഫൂര്‍ വെണ്ണിയോട്, വൈസ് ചെയര്‍പേഴ്‌സണ്‍ ഐ.ബി. മൃണാളിനി, ജനറല്‍ കണ്‍വീനര്‍ വിജയന്‍ മടക്കിമല, ട്രഷറര്‍ വി.പി. അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10നു ആരംഭിക്കുന്ന ധര്‍ണയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 500ല്‍ അധികം ആളുകള്‍ പങ്കെടുക്കും. ധര്‍ണയ്ക്കു മുന്നോടിയായി ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യാപാരി സംഘടനാ ഭാരവാഹികള്‍, മത മേലധ്യക്ഷര്‍, സാമൂഹിക-സന്നദ്ധ പ്രവര്‍ത്തകര്‍, ക്ലബ്-ഗ്രന്ഥശാല ഭാരവാഹികള്‍ എന്നിവര്‍ക്കു കത്തു നല്‍കും. 21,22,23 തീയതികളില്‍ ജില്ലയിലെ മൂന്നു നിയോജകമണ്ഡലങ്ങളിലും പ്രചാരണ വാഹനജാഥ നടത്തും. സര്‍ക്കാരിനു ഭീമഹര്‍ജി നല്‍കുന്നതിലേക്കായി ടൗണുകളിലും ഗ്രാമങ്ങളിലും ഒപ്പുശേഖരണം നടത്തും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ അഞ്ചു ദിവസം കളക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം സംഘടിപ്പിക്കും. തുടര്‍ സമരങ്ങള്‍ പിന്നീട് തീരുമാനിക്കും.
പ്രകൃതിദുരന്ത സാധ്യത സംബന്ധിച്ചു ശാസ്ത്രീയ പഠനം നടത്താതെ ഉപേക്ഷിച്ച മടക്കിമലയിലെ ഭൂമിയില്‍ത്തന്നെ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മെഡിക്കല്‍ കോളജ് വിഷയത്തിലും വയനാടിനെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. 2012ല്‍ പ്രഖ്യാപിച്ചതില്‍ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, കാസര്‍ഗോഡ് മെഡിക്കല്‍ കോളജുകള്‍ യാഥാര്‍ഥ്യമായി. വയനാട് മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ നാടകങ്ങള്‍ തുടരുകയാണ്. കണ്ണൂര്‍ അതിര്‍ത്തിയില്‍ പാല്‍ച്ചുരത്തിനും നെടുംപൊയില്‍ ചുരത്തിനും സമീപത്തുള്ള അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ ബോയ്‌സ് ടൗണില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതു അംഗീകരിക്കാനാകില്ല. ബോയ്‌സ് ടൗണില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തെക്കേവയനാട്ടിലെ വടുവന്‍ചാലില്‍നിന്നു 62 ഉം മുണ്ടക്കൈയില്‍നിന്നു 67 ഉം പൊന്‍കുഴിയില്‍നിന്നു 73 ഉം ലക്കിടിയില്‍നിന്നു 62 ഉം ബത്തേരിയില്‍നിന്നു 57 ഉം മരക്കടവില്‍നിന്നു 45 ഉം മേപ്പാടിയില്‍നിന്നു 56 ഉം കാപ്പിക്കളത്തുനിന്നു 40 ഉം കിലോമീറ്റര്‍ അകലെയാണ് ബോയ്‌സ് ടൗണ്‍. മെഡിക്കല്‍ കോളജ് ജനങ്ങള്‍ക്കു പൊതുവെ സൗകര്യപ്രദമായ ഇടത്ത് സ്ഥാപിക്കുന്നതില്‍ ജില്ലയിലെ രാഷ്ട്രീയ നേതൃത്വത്തിനുള്ള താത്പര്യ രാഹിത്യം ദുരൂഹമാണെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles