തുടര്‍ ഭരണം ജനദ്രോഹത്തിനുള്ള അംഗീകാരമായി സര്‍ക്കാര്‍ കാണുന്നു: എസ്ടിയു

കല്‍പറ്റ: തുടര്‍ ഭരണം ജനദ്രോഹത്തിനുള്ള അംഗീകാരമായി സര്‍ക്കാര്‍ കാണുകയാണെന്നു എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം. റഹ്മത്തുള്ള, ജനറല്‍ സെക്രട്ടറി യു. പോക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മോട്ടോര്‍, നിര്‍മാണം, മത്സ്യബന്ധനം, സ്‌കീം വര്‍ക്ക് തുടങ്ങിയ മേഖലകള്‍ പ്രതിസന്ധിയിലാണ്. തൊഴിലാളി ക്ഷേമ ബോര്‍ഡുകളില്‍ അംശാദായം കൂട്ടിയെങ്കിലും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നില്ല. അറുപതു കഴിഞ്ഞാല്‍ സ്വാഭാവികമായി ലഭിക്കേണ്ട തൊഴിലാളി ക്ഷേമ പെന്‍ഷന്‍ മേലധികാരി ഒപ്പിടുന്ന ദിവസം മുതല്‍ നല്‍കിയാല്‍ മതിയെന്നാണ് ധന വകുപ്പിന്റെ പുതിയ ഉത്തരവ്. ഇതു കടുത്ത തൊഴിലാളി വിരുദ്ധ നടപടിയാണ്. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിനു പദ്ധതിയില്ല. തൊഴിലാളികളുടേതടക്കം പ്രശ്‌നങ്ങളില്‍ തെറ്റായ നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തകര്‍ച്ച നേരിടുന്ന പൊതുമേഖല സ്ഥാപനങ്ങളും അസംഘടിത തൊഴില്‍ മേഖലയും പുനഃസംഘടിപ്പിക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്നും എസ്ടിയു ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് പി.പി.എ. കരീം, ട്രഷറര്‍ കെ.പി. മുഹമ്മദ് അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് സി. മൊയ്തീന്‍കുട്ടി, ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ഇസ്മയില്‍, ട്രഷറര്‍ അബ്ദുല്ല മാടക്കര, ടി. ഹംസ, എ.പി. ഹമീദ് എന്നിവരും പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles