വയനാട് ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

കല്‍പറ്റ: ജില്ലയുടെ കായിക സ്വപ്‌നങ്ങള്‍ക്ക് പ്രതീക്ഷയായി മരവയലില്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക വയനാട് ജില്ലാ സ്റ്റേഡിയം യാഥാര്‍ത്ഥ്യമായി. ഇനി പുതിയ വേഗങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും ഇവിടെ ട്രാക്കുണരും. മൂന്ന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് ജില്ലയുടെ കായിക മോഹങ്ങള്‍ക്ക് നിറം പകര്‍ന്ന് ജില്ലാ സ്റ്റേഡിയം മിഴി തുറന്നത്. കായിക കേരളത്തിന് നിരവധി അഭിമാനതാരങ്ങളെ സംഭാവന ചെയ്ത വയനാടിന്റെ കായിക പാരമ്പര്യത്തിന് ഈ കളിക്കളം പുതിയ കുതിപ്പും കരുത്തുമാകും.
മാനന്തവാടി പഴശ്ശിപാര്‍ക്കില്‍ നിന്നും ഒ.ആര്‍ കേളു എം.എല്‍.എ കായിക താരങ്ങള്‍ക്ക് കൈമാറിയ ദീപശിഖ വൈകീട്ട് 4.30 മണിയോടെ മരവയലിലെ സ്റ്റേഡിയത്തില്‍ എത്തി. സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ദീപശിഖ എറ്റുവാങ്ങി. തുടര്‍ന്ന് ജില്ലയില്‍ നിന്നുള്ള ഒളിമ്പ്യന്‍മാരായ മഞ്ജിമ കുര്യാക്കോസ്, ടി.ഗോപി, ദേശീയ താരങ്ങളായ ഇബ്രാഹിം ചീനിക്ക, ടി.താലിബ് എന്നിവര്‍ ചേര്‍ന്ന് ദീപശിഖയുമായി സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്ക് വലംവെച്ചു. പ്രത്യേകം ഒരുക്കിയ ദീപസ്തംഭത്തിലേക്ക് മന്ത്രി ദീപം പകര്‍ന്നതോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി. ഫുട്ബോള്‍ താരം എം.എം വിജയന്‍ പതാക ഉയര്‍ത്തി. എം.കെ ജിനചന്ദ്രന്റെ ഫോട്ടോ മന്ത്രി അനാച്ഛാദനം ചെയ്തു. ആയോധന കലകളുടെ പ്രദര്‍ശനവും സംഗീത വിരുന്നും ചടങ്ങുകള്‍ക്ക് പൊലിമയേകി. തുടര്‍ന്ന് കേരള പോലീസ്, യുണൈറ്റഡ് എഫ്.സി ടീമുകള്‍ തമ്മില്‍ പ്രദര്‍ശന ഫുട്ബോള്‍ മത്സരവും നടന്നു.
ദേശീയ നിലവാരത്തിലുള്ള മത്സരങ്ങള്‍ നടത്തുന്നതിന് പര്യാപ്തമായ എട്ട് ലൈനുകളുള്ള 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്‌ബോള്‍ ഗ്രൗണ്ട്, 26,900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വി.ഐ.പി. ലോഞ്ച്, കളിക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ള ഓഫീസ് മുറികള്‍, 9,400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹോസ്റ്റല്‍ കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, മഴവെള്ള സംഭരണി, 9,500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു നിലകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയടങ്ങിയതാണ് സ്റ്റേഡിയം സമുച്ചയം. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌ക്കോയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കിഫ്ബി ഫണ്ട് ഉള്‍പ്പെടെ 18.67 കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെ ജില്ലാ സ്റ്റേഡിയം ഒരുങ്ങിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles