വൈദ്യുതി ബോര്‍ഡിനെ സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം

കല്‍പറ്റ: വൈദ്യുതി ബോര്‍ഡിനെ സ്വകാര്യവത്കരണ പാതയിലേക്ക് നയിക്കാനാണ് ഇടതു സംഘടനകള്‍ സ്വന്തം സര്‍ക്കാരിനെതിരെ അനാവശ്യസമരം നയിച്ച് പൊതു സമൂഹത്തില്‍ സ്ഥാപനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതെന്ന് യുണൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റിഎംപ്ലോയീസ് ഫ്രണ്ട് അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ ആവശ്യങ്ങള്‍ക്കായി സമരം ചെയ്യാന്‍ തയ്യാറാവാത്ത ഇടതു സംഘടനകള്‍ ബോര്‍ഡ് യോഗം നടക്കുമ്പോള്‍ അതിക്രമിച്ചുകയറിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ അതിനെതിരെ സമരവുമായി രംഗത്ത് എത്തിയിരിക്കുന്നത് പൊതുജന മധ്യേസ്ഥാപനത്തിന്റെ യശസ് തകര്‍ക്കുന്നതിനാണ്.
കേരളത്തിലെ ഒരു സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലും വാക്‌സിന്‍ ചലഞ്ച് നടപ്പിലാക്കിയിട്ടില്ല എന്നിരിക്കെ കെഎസ്ഇബിയില്‍ ഇത് നടപ്പിലാക്കുന്നതിന് ഇടത് യൂണിയനുകള്‍ ഒത്താശ ചെയ്യുകയായിരുന്നു. നോട്ടിഫിക്കേഷന്‍ റൈറ്റ് ഉള്ളവര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ അനുവദിക്കാനുള്ള കോടതിവിധി കെഎസ്ഇബിയില്‍ നടപ്പിലാക്കാതിരിക്കാന്‍ ഇടതു സംഘടനകള്‍ ഗൂഢാലോചന നടത്തി. ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുന്നതിന് 2016 ല്‍ ഉത്തരവ് ഇറങ്ങിയെങ്കിലും ഇതുവരെ നടപ്പിലാക്കാന്‍ തയ്യാറായിട്ടില്ല. സര്‍വീസില്‍ കയറി പത്തുവര്‍ഷമായ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ എങ്കില്‍ ഐ ടി ഐ ഡിപ്ലോമ കോഴ്‌സുകള്‍ പാസാവണമെന്ന പുതിയ നിബന്ധന കൊണ്ടുവന്നത് ജീവനക്കാരെ ദ്രോഹിക്കാനാണ്. ഇത്തരം ദ്രോഹ നടപടിക്കെതിരെ പ്രതികരിക്കാന്‍ ജീവനക്കാര്‍ ഒന്നടങ്കം തയ്യാറാകണമെന്നും വരുന്ന ഏപ്രില്‍ 28ന് നടക്കുന്ന ഹിതപരിശോധനയില്‍ മത്സരിക്കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട് ന് വോട്ട് ചെയ്തു വിജയിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എല്‍ദോ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം ജംഹര്‍, കെ.ആര്‍ ജയേഷ്, സി.എ അബ്ദുല്‍ അസീസ്, ജസ്ലിന്‍ കുര്യാക്കോസ്, ബോബിന്‍ എം എം സംസാരിച്ചു.

Leave a Reply

Your email address will not be published.

Social profiles