നോക്കുകുത്തിയായി മേപ്പാടി ബി.എസ്.എന്‍.എല്‍ ഓഫീസ് കെട്ടിടം

ഉപയോഗിക്കാതെ കിടക്കുന്ന മേപ്പാടി ബി.എസ്.എന്‍.എല്‍ ഓഫീസ് കെട്ടിടം

മേപ്പാടി: ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച മേപ്പാടിയിലെ ബി.എസ്.എന്‍.എല്‍ ഓഫീസ് കെട്ടിടം നോക്കുകുത്തിയാവുന്നു. വിശാലമായ കെട്ടിടം കാടുകയറി നശിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി ഒരു വര്‍ഷത്തോളം ഓഫീസര്‍മാരും മറ്റ് സ്റ്റാഫുകളുമായി സജീവ പ്രവര്‍ത്തനം തുടങ്ങിയ ഓഫീസ് പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമായിരുന്നു. സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് പ്രവര്‍ത്തനം പെട്ടെന്ന് ആരുമറിയാതെ കല്‍പ്പറ്റയിലേക്ക് മാറ്റുകയായിരുന്നു. നിരവധി വരിക്കാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് ഉപകരിച്ചിരുന്ന ഈ ഓഫീസില്‍ ഇപ്പോള്‍ ആരും ജോലി ചെയ്യുന്നില്ല. എക്‌സ്‌ചേഞ്ചില്‍ എന്തെങ്കിലും അറ്റകുറ്റപണികളുണ്ടെങ്കില്‍ ജീവനക്കാരെത്തി ഇത് ശരിയാക്കി പോകും. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടത്തിന് ചുറ്റും കാട് വളര്‍ന്ന് തുടങ്ങി. ബി എസ് എന്‍ എല്‍ മൊബൈല്‍ സിമ്മെടുത്ത വരിക്കാര്‍ക്ക് ഏന്തെങ്കിലും തടസ്സങ്ങള്‍ നേരിട്ടാല്‍ അതിന് പരിഹാരം കാണണമെങ്കില്‍ ഇപ്പോള്‍ കല്‍പ്പറ്റ ഓഫീസില്‍ എത്തണം. സ്വകാര്യ മൊബൈല്‍ കമ്പനികള്‍ സര്‍വീസുകള്‍ക്കായി ടൗണ്‍ കേന്ദ്രീകരിച്ച് ഓഫീസുകള്‍ പ്രവര്‍ത്തിച്ച് പരമാവധി വരിക്കാരെ ചേര്‍ക്കുമ്പോള്‍ പൊതുമേഖല സ്ഥാപനമായ ബി എസ് എന്‍ എല്‍ ഉപഭോക്താക്കളുടെ മനോവീര്യം കെടുത്തി മറ്റ് കമ്പനികളിലേക്ക് വരിക്കാരെ പോര്‍ട്ട് ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയാണ്. മേപ്പാടി എക്‌സ്‌ചേഞ്ച് ഓഫീസിന് കീഴില്‍ നാല് സബ് എക്‌സ്‌ചേഞ്ചുകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അത്യാവശ്യ കാര്യങ്ങള്‍ക്കും കല്‍പ്പറ്റ ഓഫീസിനെ ആശ്രയിക്കേണ്ട ദുരവസ്ഥയാണ് നിലവിലുള്ളത്. എത്രയും വേഗം മേപ്പാടി ഓഫീസ് പഴയ പോലെ പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

Leave a Reply

Your email address will not be published.

Social profiles