കേരളത്തില്‍ ആദ്യമായി വനിതാ ചേംബര്‍ ഓഫ് കൊമേഴ്‌സിനു വയനാട്ടില്‍ തുടക്കം

അന്ന ബെന്നി, ബിന്ദു മില്‍ട്ടണ്‍, ഡോ.നിഷ ബിപിന്‍

കല്‍പറ്റ: കേരളത്തില്‍ ആദ്യമായി കല്‍പറ്റ ആസ്ഥാനമായി വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് നിലവില്‍ വന്നു. അന്ന ബെന്നി(പ്രസിഡന്റ്), ബിന്ദു മില്‍ട്ടണ്‍(സെക്രട്ടറി), പദ്മിനി ചക്രപാണി(ജോയിന്റ് സെക്രട്ടറി), ഡോ.നിഷ ബിപിന്‍(ട്രഷറര്‍), ബിന്ദു ബെന്നി, കെ.എ.ശബ്‌നം, ബീന സുരേഷ്(എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്(കൊല്‍ക്കത്ത), ഫിക്കി, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, ഇന്‍ഡോ യൂറോപ്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നീ സംഘടനകളുമായി വിമന്‍ ചേംബര്‍ അഫിലിയേറ്റ് ചെയ്യുന്നതിനു നടപടികള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വനിതകളായ സംരംഭകര്‍, പ്രൊഫഷണലുകള്‍, എഫ്.പി.ഒ സാരഥികള്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, പ്ലാന്റര്‍മാര്‍, സിനിമ നിര്‍മാതാക്കള്‍, ഐ.ടി പ്രൊഫഷണലുകള്‍ എന്നിവര്‍ക്കു ചേംബറില്‍ അംഗത്വം നല്‍കും.
സാമ്പത്തിക മേഖലയിലെ സ്ത്രീ സംരംഭകരെ ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ് ചേംബറിന്റെ മുഖ്യലക്ഷ്യം.
കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടങ്ങളായി ചാപ്റ്ററുകള്‍ തുടങ്ങും. വനിതാ സംരംഭകര്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം നേടിയെടുക്കാന്‍ പ്രയത്‌നിക്കും. വ്യാവസായിക മേഖലയില്‍ സ്ത്രീ സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തും. സാമൂഹിക,-സാംസ്‌കാരിക വിഷയങ്ങളില്‍ ഇടപെടും. വ്യാവസായിക-വാണിജ്യ മേഖലകളിലെ സ്ത്രീ സംരംഭകരുടെ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായിചേംബര്‍ പ്രവര്‍ത്തിക്കും. സംരംഭകര്‍ക്ക് ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ പ്രമുഖ സംരംഭകരുമായി സംവദിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനും അവസരം ഒരുക്കും. സാങ്കേതിക-മാര്‍ക്കറ്റിംഗ് മേഖലയിലെ മാറ്റങ്ങള്‍ പരിചയപ്പെടുത്തും. സംരംഭകര്‍ക്ക് ദേശീയ-അന്തര്‍ദേശീയ സമ്മേളനങ്ങള്‍, ബി ടു ബി യോഗങ്ങള്‍, ശില്‍പശാലകള്‍ തുടങ്ങിയവയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും. വാണിജ്യ-ചെറുകിട വ്യവസായ സംരംഭകര്‍ക്കായി നെറ്റ്‌വര്‍ക്കിംഗ് പ്രോഗ്രാം, ഗ്ലോബല്‍ റീച് പ്രോഗ്രാം, പരിശീലന പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. വയനാട്ടിലെ ഗ്രാമീണ മേഖലയിലെ സംരംഭകര്‍ക്കായി റൂറല്‍ വില്ലേജ് സംരംഭക പരിപാടിക്കു നേതൃത്വം നല്‍കും. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി നൈപുണ്യ വികസന പദ്ധതികള്‍ ഏറ്റെടുത്തു നടത്തുമെന്നും ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles