വനാതിര്‍ത്തിയില്‍ കാലി മേയ്‌ക്കേണ്ടെന്നു കോടതി; ഊട്ടി കലക്ടറേറ്റ് പടിക്കല്‍ കര്‍ഷകര്‍ ധര്‍ണ നടത്തി

ഊട്ടി കലക്ടറേറ്റ് പടിക്കല്‍ തമിഴുനാട് കര്‍ഷക സംഘത്തിന്റെയും മലവാഴ്മക്കള്‍ സംഘത്തിന്റെയും നേതൃത്വത്തില്‍ നടന്ന ധര്‍ണ.

ഗൂഡല്ലൂര്‍: വന്യജീവി സങ്കേതങ്ങള്‍ക്കു അടുത്തുള്ള പ്രദേശങ്ങളില്‍ കാലി മേയ്ക്കുന്നതു വിലക്കി തമിഴുനാട് ഹൈക്കോടതിയുടെ മധുര ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പ്രതിഷേധിച്ചും വിഷയത്തില്‍ സര്‍ക്കാരിന്റെ സത്വര ഇടപെടല്‍ ആവശ്യപ്പെട്ടും തമിഴുനാട് കര്‍ഷക സംഘത്തിന്റെയും മലവാഴ്മക്കള്‍ സംഘത്തിന്റെയും നേതൃത്വത്തില്‍ കര്‍ഷകര്‍ ഊട്ടി കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. മലവാഴ്മക്കള്‍ സംഘം സംസ്ഥാന സെക്രട്ടറി ശരവണന്‍ ചെന്നൈ ഉദ്ഘാടനം ചെയ്തു. കന്നുകാലികളെ വളര്‍ത്തി ഉപജീവനം നയിക്കുന്ന ആദിവാസികള്‍ അടക്കം പതിനായിരക്കണക്കിന് ആളുകളെ ബാധിക്കുന്നതാണ് കോടതി വിധിയെന്നു അദ്ദേഹം പറഞ്ഞു.
കര്‍ഷകസംഘം നീലഗിരി ജില്ലാ സെക്രട്ടറി എ.യോഹന്നാന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി വി.എ. ഭാസ്‌കരന്‍, കര്‍ഷസംഘം ജില്ലാ പ്രസിഡന്റ് എന്‍.വാസു, മലവാഴ് മക്കള്‍ സംഘം ജില്ലാ സെക്രട്ടറി അടയാളക്കൂട്ടന്‍, മസിനഗുഡി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.എല്‍.ശങ്കരലിംഗം സ്വാഗതവും സി.കെ.മണി നന്ദിയുംപറഞ്ഞു. സമരാവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം സ്വീകരിക്കാന്‍ കലക്ടര്‍ ഇല്ലാത്ത സാഹചര്യമുണ്ടായപ്പോള്‍ കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. ഇതേത്തുടര്‍ന്നു കലക്ടര്‍ നേരിട്ടെത്തി നിവേദനം സ്വീകരിച്ചു.

Leave a Reply

Your email address will not be published.

Social profiles