പള്ളിക്കുന്ന് ലൂര്‍ദ്മാതാ ദേവാലയത്തില്‍ മരിയന്‍ കണ്‍വന്‍ഷന്‍ മെയ് നാല് മുതല്‍

കല്‍പറ്റ: മലബാറിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ പള്ളിക്കുന്ന് ലൂര്‍ദ്മാതാ ദേവാലയത്തില്‍ മെയ് നാലു മുതല്‍ എട്ടു വരെ മരിയന്‍ കണ്‍വന്‍ഷനും രോഗശാന്തി ശുശ്രൂഷയും നടത്തും. ഷെക്കയ്‌ന ന്യൂസ് ചാനല്‍ ഡയറക്ടര്‍ ബ്രദര്‍ സന്തോഷ് കരുമത്രയും റവ.ഡോ.അലോഷ്യസ് കുളങ്ങരയും നേതൃത്വം നല്‍കുന്ന കണ്‍വന്‍ഷന്‍ നാലിനു വൈകുന്നേരം 4.30നു മാനന്തവാടി രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യും. എട്ടിനു വൈകുന്നേരം അഞ്ചിനു കോഴിക്കോട് രൂപത മെത്രാന്‍ റവ.ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ സമാപനസന്ദേശം നല്‍കും.
ദിവസവും വൈകുന്നേരം 4.30നു ജപമാലയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ രാത്രി 9.30നു സമാപിക്കും. വിവിധ ദിവസങ്ങളില്‍ കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍.ജെന്‍സണ്‍ പുത്തന്‍വീട്ടില്‍, മുന്‍ വികാരി ജനറാള്‍ മോണ്‍.തോമസ് പനയ്ക്കല്‍, മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍.പോള്‍ മുണ്ടോളിക്കല്‍ എന്നിവര്‍ ദിവ്യബലി അര്‍പ്പിക്കും.
കണ്‍വന്‍ഷനു ഒരുക്കം അന്തിമ ഘട്ടത്തിലാണെന്നു ലൂര്‍ദ്മാതാ ദേവാലയം വികാരിയുമായ റവ.ഡോ.അലോഷ്യസ് കുളങ്ങര, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ജോബിന്‍ പാറപ്പുറം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേവാലയ പരിസരത്തും ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്കിംഗ് സൗകര്യം ഉണ്ടാകും. ദേവാവയ പരിസരത്തെ പൂപ്പന്തലില്‍ പ്രാര്‍ത്ഥിക്കുന്നതിനും നേര്‍ച്ച അര്‍പ്പണത്തിനും സൗകര്യമുണ്ട്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കായി സ്പഷ്യല്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തും. 04936-286623 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനു പ്രത്യേക സൗകര്യം ഒരുക്കും.

Leave a Reply

Your email address will not be published.

Social profiles