ഇന്‍ഡി വേള്‍ഡ് ഫിലിം ഫെസ്റ്റിവല്‍: ‘മാറ്റേക’ മികച്ച ഫീച്ചര്‍ സിനിമ

കല്‍പറ്റ: മാള്‍ട്ടയിലെ എക്‌സോഡസ് എം.സി.സിയും കേരളത്തിലെ കാസാ ബ്ലാങ്കാ ഫിലിം ഫാക്ടറിയും സംയുക്തമായി സംഘടിപ്പിച്ച ഇന്‍ഡി വേള്‍ഡ് ഫിലിം ഫെസ്റ്റിവലിന്റെ ആദ്യ സീസണില്‍ ടോം ജോണ്‍സ് സംവിധാനം ചെയ്ത ടാന്‍സാനിയന്‍ സിനിമ ‘മാറ്റേക’ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് നേടി. മറ്റു നാല് പുരസ്‌കാരങ്ങളും ഈ ചിത്രം കരസ്ഥമാക്കി. ഇതേ സംവിധായകന്റെ ‘ഷുജാ വെറ്റു’എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഹേമേദി സാദിഖ് മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥമാക്കി. ‘ക്ലൗണറി’ എന്ന ചിത്രത്തിലൂടെ റഷ്യയില്‍നിന്നുള്ള നതാലിയ സുര്‍കോവ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നിര്‍മിച്ച ‘കേണി-പ്രിസര്‍വിംഗ് ഇന്‍ഡിജിനസ് ഫുഡ് കള്‍ച്ചര്‍’ മേളയിലെ മികച്ച ഡോക്യുമെന്ററിയായി. ജി.സുകന്യയാണ് ഇതിന്റെ സംവിധായിക. ഇതേ ഡോക്യുമെന്ററിയുടെ ക്യാമറാമാന്‍ മിഥുന്‍ ഇരവില്‍ മികച്ച രണ്ടാമത്തെ ഛായാഗ്രാഹകനുള്ള അവാര്‍ഡ് നേടി.
ലാരിഷ് സംവിധാനം ചെയ്ത ‘കറ’ എന്ന ചിത്രത്തിലെ അഭിനയത്തിന് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി. ബിജു കളനാടിന്റെ രചനയില്‍ അഖിലേഷ് കുന്നൂച്ചി സംവിധാനം ചെയ്ത ‘ദി ട്രാഷ്'(മലയാളം) മികച്ച ഹ്രസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലെ അഭിനയത്തിന് നടന്‍ ഹരി ശില്‍പി ഷോര്‍ട് ഫിലിം വിഭാഗത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥമാക്കി.
ലോകമെങ്ങുമുള്ള സ്വതന്ത്ര സിനിമകളെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഡി വേള്‍ഡ് ഫിലിം ഫെസ്റ്റിവലിന്റെ സംഘാടനമെന്നു കാസാ ബ്ലാങ്കാ ഫിലിം ഫാക്ടറി ഡയറക്ടര്‍ നിര്‍മല്‍ ബേബി , ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജോസഫ് ജീസ് എന്നിവര്‍ പറഞ്ഞു. 24 രാജ്യങ്ങളില്‍നിന്നുള്ള 680 എന്‍ട്രികളില്‍ 147 എണ്ണമാണ് മത്സരത്തിനു പരിഗണിച്ചത്.

Leave a Reply

Your email address will not be published.

Social profiles