റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രവും ടിപ്പറും പിടിച്ചെടുത്തതു വിവാദത്തില്‍

മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ ഇടിക്കര പാലം സമീപന റോഡിന്റെ നിര്‍മാണത്തിനിടയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ മണ്ണുമാന്തി യന്ത്രവും ടിപ്പറും പിടിച്ചെടുത്തതു വിവാദത്തില്‍. തവിഞ്ഞാല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന്റേതാണ് പിടിച്ചെടുത്ത ടിപ്പറും യന്ത്രവും. റവന്യൂ ഉദ്യോഗസ്ഥ നടപടിക്കെതിരെ രംഗത്തു വന്നിരിക്കയാണ് പഞ്ചായത്ത് അധികാരികള്‍. ഒരു പ്രദേശത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്നതാണ് റവന്യൂ അധികാരികളുടെ നടപടിയെന്ന അഭിപ്രായത്തിലാണ് പഞ്ചായത്ത് അധികൃതര്‍. പഞ്ചായത്തിലെ മറ്റ് സ്ഥലങ്ങളില്‍ കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിന് കുന്നുകള്‍ ഇടിച്ച് മണ്ണെടുക്കുന്നതു തടയാതെ, നിരവധി കുടുംബങ്ങള്‍ക്കു അശ്രയമാകുന്ന റോഡിന്റെയും പാലത്തിന്റെയും നിര്‍മാണത്തിന് വിഘാതം സൃഷ്ടിക്കുന്ന നടപടി ദുരുഹമാണെന്നു അവര്‍ പറയുന്നു. തുല്യനീതിയാണ് നടപ്പിലാക്കേണ്ടതെന്നും കാലവര്‍ഷത്തിനു മുമ്പ് റോഡിന്റെ പണി പൂര്‍ത്തിയാക്കുന്നതിനു ഉത്തരവാദപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് എത്സി ജോയി ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് നിര്‍മാണത്തിനു മണ്ണെടുത്തത് തണ്ണീര്‍ത്തടത്തിന്റെ ഭാഗമോ പരിസ്ഥിതി ലോല പ്രദേശമോ അല്ലെന്നു ചുമതലപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തിയ സ്ഥലത്തുനിന്നാണ്. ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മാണം. തവിഞ്ഞാല്‍ ലേബര്‍ സഹകരണ സംഘമാണ് പ്രവൃത്തി കരാറെടുത്തത്. റവന്യൂ ഉദ്യോഗസ്ഥര്‍ ഇത്തരം നടപടി തുടര്‍ന്നാല്‍ ഇതിനകം ഏറ്റെടുത്ത പ്രവൃത്തികള്‍ നിര്‍ത്തിവെക്കാനാണ് സംഘത്തിന്റെ തീരുമാനം.

റിപ്പോര്‍ട്ട്: ബിജു കിഴക്കേടം

Leave a Reply

Your email address will not be published.

Social profiles