ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം: വയനാട് നില മെച്ചപ്പെടുത്തണം-മന്ത്രി സ്മൃതി ഇറാനി

കല്‍പറ്റയില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകനയോഗത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സംസാരിക്കുന്നു.

കല്‍പറ്റ: ദേശീയ തലത്തില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ടായി തെരഞ്ഞെടുക്കപ്പെട്ട വയനാടിന്റെ റാങ്ക് പടി പടിയായി ഉയര്‍ത്തണമെന്ന് കേന്ദ്ര വനിതാ ശിശു വികസന ക്ഷേമ മന്ത്രി സ്മൃതി ഇറാനി. കലക്ട്രേറ്റില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതി അവലോകനം ചെയ്തു സംസാരിക്കുയായിരുന്നു അവര്‍. വരുന്ന പത്ത് മാസത്തിനുള്ളില്‍ വിവിധ വകുപ്പുകള്‍ അതതു മേഖലകളുമായി ബന്ധപ്പെട്ട ആസ്പിരേഷണല്‍ പ്രവര്‍ത്തനങ്ങളില്‍ നില മെച്ചപ്പെടുത്തണം. നിലവിലെ റാങ്ക് മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. ആറുമാസക്കാലയളവില്‍ പദ്ധതികള്‍ അവലോകനം ചെയ്ത് വിവിധ മേഖലകളിലെ നിലവിലെ വെല്ലുവിളികളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യണം. അടിസ്ഥാന സൗകര്യ വികസനം, അങ്കണവാടികളുടെ വികസനം, ഗ്രാമങ്ങളിലെ കുടിവെള്ള ലഭ്യത, ഗര്‍ഭിണികളുടെ ക്ഷേമം, കുട്ടികളുടെ ക്ഷേമം എന്നിവയ്ക്കെല്ലാം മുന്‍ഗണന നല്‍കണം.
നവജാത ശിശുക്കളുടെ ആരോഗ്യ പരിപാലനം ജില്ലയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. ആറ് മാസം വരെ പ്രായമുള്ള കുട്ടികളുടെ മരണനിരക്ക് ഇല്ലാതാക്കണം. വിദ്യാഭ്യാസ മേഖലയിലെ കൊഴിഞ്ഞുപോക്കിന് പരിഹാരം കാണണം. പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നടപടിയുണ്ടാകണം. ഇതിനുള്ള കേന്ദ്ര പദ്ധതികള്‍ താഴെ തട്ടില്‍ ശക്തമാക്കണം. കാര്‍ഷിക മേഖലയിലെ കേന്ദ്ര പദ്ധതികള്‍ കൂടുതല്‍ വിപുലമാക്കണമെന്നും മന്ത്രി പറഞ്ഞു. ആസ്പിരേഷണല്‍ പ്രോഗ്രമില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി ജില്ലാ കലക്ടര്‍ എ.ഗീത മന്ത്രിയെ ധരിപ്പിച്ചു. എല്ലാവര്‍ക്കും കുടിവെള്ളം എന്ന പദ്ധതി ജലജീവന്‍ മിഷനിലൂടെ അടുത്ത വര്‍ഷത്തോടെ ലക്ഷ്യത്തിലെന്നുമെന്നു കലക്ടര്‍ മന്ത്രിയെ അറിയിച്ചു. വിവിധ വകുപ്പുദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles