സ്മൃതി ഇറാനിയുടെ പ്രസ്താവനയ്ക്കു പിന്നില്‍ രാഹുല്‍ഗാന്ധിയുടെ
മണ്ഡലത്തെ താറടിക്കുകയെന്ന താല്‍പര്യം-വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

സംഷാദ് മരക്കാര്‍

കല്‍പറ്റ:ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകനത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രസ്താവനകള്‍ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതെയും രാഷ്ടീയ താല്‍പര്യം മുന്‍നിര്‍ത്തിയുമാണെന്നു വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം നിര്‍വഹണവുമായി ബന്ധപ്പെട്ടു രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തിന്റെ ഭാഗമായ വയനാടിനെയും ജില്ലാ ഭരണകൂടത്തെയും മോശമായി ചിത്രീകരിക്കാനാണ് കേന്ദ്ര മന്ത്രി ശ്രമിച്ചത്. പ്രോഗ്രാം നടത്തിപ്പില്‍ വയനാട് വളരെ പിന്നിലാണെന്നും റാങ്ക് ഉയര്‍ത്താന്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.
പ്രോഗ്രാമില്‍ മാര്‍ച്ചില്‍ വയനാട് മുപ്പതാം സ്ഥാനത്താണ്. ഈ വിവരം നിതി ആയോഗ് പ്രസിദ്ധപ്പെടുത്തിയത് മന്ത്രിയുടെ വയനാട് സന്ദര്‍ശനം കഴിഞ്ഞാണ്. മാര്‍ച്ചിലെ റാങ്ക് ഏപ്രില്‍ 30നകം പ്രസിദ്ധപ്പെടുത്തേണ്ടതാണ്. ഇത് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന പ്രോഗ്രാം അവലോകനം കഴിയുന്നതുവരെ വൈകിപ്പിച്ചതിനു പിന്നില്‍ ഗുഢാലോചന സംശയിക്കണം. ഡല്‍റ്റ റാങ്കിംഗില്‍ വയനാട് മുന്നിലാണെന്ന വസ്തുത പ്രോഗ്രാം ജില്ലാ പ്രഭാരിയുമായ ജില്ലാ കലക്ടര്‍ എ.ഗീതയും വിവിധ വകുപ്പ് മേധാവികളും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മന്ത്രി കാതുകൊടുത്തില്ല.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളില്‍ വയനാട് ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രം തുടങ്ങുന്നതിനു മുമ്പേ മുന്നിലാണ്. ബാങ്കിംഗ് മേഖലയില്‍ ആളുകള്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളാകാത്തതിനു കാരണം അവയിലും മികച്ച സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ ഉള്ളതുകൊണ്ടാണ്. ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു ഭൂമി നല്‍കുന്നതിനും കൈവശഭൂമിക്കു രേഖ നല്‍കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗതിയാണ്.
ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ കേന്ദ്രം അനുവദിക്കുന്ന ഫണ്ടിന്റെ വിനിയോഗത്തില്‍ ജില്ലാ ഭരണകൂടം നിരുത്തരവാദം കാട്ടുന്നുവെന്നു തല്‍പര കക്ഷികള്‍ പ്രചരിപ്പിക്കുന്നുണ്ട്. പ്രോഗ്രാമില്‍ ഇതിനകം എട്ടു കോടി രൂപയാണ് കേന്ദ്ര ഫണ്ടായി ജില്ലയ്ക്കു ലഭിച്ചത്. ഇതില്‍ത്തന്നെ അഞ്ചു കോടി രൂപ ആദ്യം അനുവദിച്ച മൂന്നു കോടി രൂപയുടെ സമയബന്ധിതമായ വിനിയോഗത്തിനു ലഭിച്ച സമ്മാനമാണ്. പിന്നീടു ലഭിച്ച തുകയുടെ ഉപയോഗത്തിനു ആസൂത്രണം ചെയ്ത പ്രവൃത്തികള്‍ക്കു ഭരണാനുമതിയായിട്ടുണ്ട്.
പ്രോഗ്രാമുമായി ബന്ധപ്പെടുത്തി പൊതുമേഖല സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദ നിധിയില്‍നിന്നു അനുവദിക്കുന്ന ഫണ്ടിന്റെ വിനിയോഗം ജില്ലയില്‍ കുറ്റമറ്റവിധം നടക്കുന്നുണ്ട്.
ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റെ ഭാഗമായ വയനാടിനെ താറടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കണിയാമ്പറ്റ പഞ്ചായത്തിലെ അമ്പലച്ചാല്‍ കോളനി മന്ത്രി സന്ദര്‍ശിച്ചതെന്നും കരുതണം. മന്ത്രിയുടെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നതല്ല ഈ കോളനി സന്ദര്‍ശനം. അവലോകനയോഗത്തിനുശേഷം മന്ത്രി ആദ്യം പോയത് അമ്പലച്ചാല്‍ കോളനിയിലേക്കാണ്. മഴക്കാലങ്ങളില്‍ വെള്ളം കയറുന്നതാണ് അമ്പലച്ചാല്‍ കോളനി. ഇവിടെയുള്ള കുടുംബങ്ങളെ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതാണ്. യോജിച്ച സ്ഥലം കണ്ടെത്തി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനു നടപടികള്‍ പുരോഗമിക്കുകയാണ്. അമ്പലച്ചാല്‍ കോളനിയില്‍ ആദിവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയ മന്ത്രി പുനരധിവാസ പദ്ധതിയെക്കുറിച്ച് മിണ്ടിയില്ല. ഓരോ ജില്ലയുടെയും പ്രത്യേകതകള്‍ക്കനുസരിച്ചു ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം പുനഃസംവിധാനം ചെയ്യേണ്ടതുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles