വയനാട്ടിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്

വൈത്തിരി: വര്‍ഷങ്ങള്‍ക്കുശേഷം വയനാട്ടിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്.
വന്‍ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ റോഡുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും അനുഭവപ്പെട്ടത്. പുലര്‍ച്ചെ മുതല്‍ ജില്ലയിലെ പ്രധാന റോഡുകള്‍ വാഹനങ്ങളാല്‍ നിറയുകയാണ്. താമരശേരി ചുരത്തില്‍ ടൂറിസ്റ്റ് വാഹനങ്ങളുടെ നീണ്ടനിരയാണ് കാണാനാകുന്നത്. കേരളം വയനാട്ടിലേക്കൊഴുകുന്ന സ്ഥിതിയാണെന്നു വൈത്തിരിയിലെ വ്യാപാരികള്‍ പറയുന്നു. ചുരത്തിലെ തിരക്ക് ആംബുലന്‍സുകളെയും ദീര്‍ഘദൂര ബസ് യാത്രക്കാരെയും വിഷമത്തിലാക്കുന്നുണ്ട്.
പൂക്കോട് തടാകം അടക്കം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ദിവസവും ജനക്കൂട്ടമാണ് എത്തുന്നത്.പല സ്ഥലങ്ങളിലും പ്രവേശന ടിക്കറ്റ് കിട്ടാതെ സഞ്ചാരികള്‍ മടങ്ങുന്നുമുണ്ട്. ചില ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കുന്ന സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഡി.ടി.പി.സിയുടെ കീഴിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു.
ജില്ലയിലെ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും ഏറെക്കുറെ നിറഞ്ഞ സ്ഥിതിയിലാണ്.
സഞ്ചാരികളില്‍ ചിലര്‍ താമസസൗകര്യം കിട്ടാതെ രാത്രി ബസ്സ്റ്റോപ്പുകളിലും സ്വന്തം വാഹനങ്ങളിലുമാണ് വിശ്രമിക്കുന്നത്. ചുരത്തിലെ വാഹനത്തിരക്ക് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസിന്റെ ആവശ്യകത വീണ്ടും ചര്‍ച്ചയാകുന്നതിനും കാരണമായി.

റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്.

0Shares

Leave a Reply

Your email address will not be published.

Social profiles