വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് തുടങ്ങി

കൽപറ്റ: വിവിധ മാധ്യമ കൂട്ടായ്മകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന വനിതാ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. വെള്ളിയാഴ്ച എന്‍ ഊരില്‍ നടത്തിയ പരിപാടിയിൽ സംസ്ഥാനത്തെ മികച്ച കലക്ടര്‍, സബ് കലക്ടര്‍ പുരസ്‌കാരങ്ങള്‍ നേടിയ വയനാട് കലക്ടര്‍ എ.ഗീത, സബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി എന്നിവരുമായി ലൈവ് ചാറ്റ് ഷോ, കലാപരിപാടികള്‍ എന്നിവ നടത്തിയിരുന്നു. സിനിമാ തിരക്കഥാകൃത്തും സംവിധായകനുമായ സജീവ് പാഴൂര്‍ വിശിഷ്ടാതിഥിയായി.വയനാട് പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് നീനു മോഹന്‍ അധ്യക്ഷത വഹിച്ചു. വന വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ് മാധ്യമ പ്രവർത്തകരുമായി സംവദിച്ചു. കേരളത്തിലെ മികച്ച കലക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ട വയനാട് കലക്ടർ എ. ഗീതക്ക് ആർട്ടിസ്റ്റ് ജിൻസ് ഫാൻ്റസി വരച്ച കഥകളിമുഖം സമ്മാനിച്ച് ചടങ്ങിൽ ആദരിച്ചു.ഈ വർഷത്തെ ‘ വുമൺസ് എക്സലൻസ് അവാർഡ് പ്രഖ്യാപനവും ലതിക സുഭാഷ് നിർവ്വഹിച്ചു. ഇൻ്റീരിയർ ഡിസൈൻ രംഗത്തെ സംരംഭകയും ആർ.ഐ.ടി. സ്കൂൾ ഓഫ് ഡിസൈൻ സ്ഥാപകയുമായ ജാസ്മിൻ കരീമിനാണ് വുമൻസ് എക്സലൻസ് പുരസ്കാരം .മീഡിയ വിംഗ്‌സ് ഡിജിറ്റല്‍ സൊല്യൂഷന്‍സ്, കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍, ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍, കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍, വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വനംവകുപ്പ്, എന്‍ഊര്, സംരംഭകരായ ഫുഡ്ഡേ, ഗസല്‍ താസ വൈത്തിരി, വൈത്തിരി പാര്‍ക്ക്, ഇന്ദ്രിയ വയനാട് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍. കേരളത്തിനകത്തും പുറത്തുമുള്ള വനിതാ ഇന്‍ഫ്‌ളുവന്‍സേഴ്‌സ്, വനിതാ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരാണ് മുഴുവന്‍ സമയവും പരിപാടിയില്‍ പങ്കെടുക്കുന്നത്.ശനിയാഴ്ച വനംവകുപ്പുമായി ചേര്‍ന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്‌ന കരീമിന്റെ നേതൃത്വത്തില്‍ രാവിലെ ചെമ്പ്രമല ട്രക്കിംഗ്, ഉച്ചകഴിഞ്ഞ് വയനാട് ഡി.ടി.പി.സി യുമായി ചേര്‍ന്ന് കാന്തന്‍പാറ വെള്ളച്ചാട്ടം സന്ദര്‍ശനം എന്നിവ നടത്തി.ഞായറാഴ്ച രാവിലെ 10 മണിക്ക് കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്തുള്ള ഹോട്ടല്‍ ഇന്ദ്രിയ വയനാടില്‍ നടക്കുന്ന സമ്മേളനം ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൊതുപരിപാടിയില്‍ വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി മുഖ്യാതിഥിയാകും. വനിതാ ദിനത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും മീഡിയ വിംഗ്‌സ് നല്‍കിവരാറുള്ള വുമണ്‍സ് എക്‌സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും. സമൂഹത്തിന്റെ വിവിധ തുറകളില്‍ മികവ് തെളിയിച്ചവരേയും ആദരിക്കും. ഉച്ചകഴിഞ്ഞ് വൈത്തിരി പാര്‍ക്കില്‍ നടക്കുന്ന പരിപാടിയോടെ വയനാട്ടിലെ പരിപാടികള്‍ സമാപിക്കും. തിങ്കളാഴ്ച മൈസൂരിലാണ് വനിതാദിനാഘോഷത്തിന്റെ സമാപന ചടങ്ങുകള്‍. തിങ്കളാഴ്ച വരെയാണ് പരിപാടികള്‍.

0Shares

Leave a Reply

Your email address will not be published.

Social profiles