ജപ്തി ഭീതി; മരണക്കുരുക്കില്‍ വയനാട്

കല്‍പറ്റ: കര്‍ഷക ആത്മഹത്യകളുടെ നോവുണങ്ങാത്ത വയനാട്ടില്‍ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി ജപ്തി ഭീഷണി. 4400ലധികം കര്‍ഷകര്‍ക്കാണ് ഇക്കഴിഞ്ഞ മാസങ്ങളിലായി ദേശസാല്‍കൃത ബാങ്കുകളും സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള ബാങ്കുകളും ജപ്തി നോട്ടിസുകളയച്ചത്. 2000ലധികം കര്‍ഷകര്‍ക്കെതിരെ സര്‍ഫാസി ആക്ട് നടപ്പാക്കാനുള്ള ഒരുക്കങ്ങളും ധൃതഗതിയില്‍ മുന്നോട്ട് പോവുകയാണ്. കോവിഡ് പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും മൂലം വിലക്കുറവും വിളനാശവും അതിരൂക്ഷമായി വേട്ടയാടുന്ന കര്‍ഷകരുടെ നെഞ്ചില്‍ തീ കോരിയിട്ടാണ് ബാങ്കുകളുടെ നോട്ടീസുകള്‍ വയനാടന്‍ കൂരകള്‍ക്ക് മേല്‍ പതിയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന ചെയര്‍മാന്‍ കൂടിയായ എസ്.എല്‍.ബി.സി (സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി) അടിയന്തിര യോഗം ചേരാത്തതും 2019 ഒക്ടോബറില്‍, 5 സെന്റിന് കീഴെയുള്ളവരെ സര്‍ഫാസിയില്‍ നിന്ന് ഒഴിവാക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസ്സിക്കിയെങ്കിലും ഇതില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു മറുപടിയും നല്‍കാത്തതും കര്‍ഷകരുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ്.
മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ വയനാട്ടില്‍ പതിനായിരത്തോളം കര്‍ഷകരാണ് ജപ്തി ഭീഷണി നേരിടുന്നത്. കേരളാ ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് നല്‍കി കഴിഞ്ഞു. റിക്കവറി നടപടികളുമായി റവന്യൂ വകുപ്പും സര്‍ഫാസി നിയമത്തിന്റെ മറവില്‍ കര്‍ഷകരുടെ പുരയിടമടക്കം സ്വന്തമാക്കാനുള്ള നടപടികള്‍ ബാങ്കുകളും ആരംഭിച്ചു.
കേരളം കണ്ട ഏറ്റവും വലിയ കര്‍ഷക ആത്മഹത്യാ പരമ്പരകള്‍ക്ക് സാക്ഷിയായ വയനാട്ടില്‍ നിലവില്‍ കാര്‍ഷിക മേഖല പ്രതിസന്ധിയുടെ പടുകുഴിലാണ്. രണ്ട് പ്രളയങ്ങളും കാര്‍ഷിക മേഖലയെ തകര്‍ത്താണ് കടന്നുപോയത്. അതില്‍ നിന്നും കരകയറുന്നതിന് മുമ്പ് കോവിഡും കര്‍ഷകരുടെ പ്രതീക്ഷകളെ അരിഞ്ഞ് വീഴ്ത്തി. എങ്കിലും മണ്ണില്‍ പൊന്ന്് വിളിയിക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍ വീണ്ടും കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയത്. എന്നാല്‍ ഇടിത്തീയായി ബാങ്കുകളുടെ നോട്ടീസുകളാണ് എത്തുന്നത്. സര്‍ക്കാരിന്റെ മൊറട്ടോറിയം കാലാവധി അവസാനിച്ചതിന് പിന്നാലെ ബാങ്കുകള്‍ കര്‍ഷകരുടെ ഈടുകള്‍ കൈക്കലാക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. ഡയറക്ട് അറ്റാച്ച്മെന്റായി ധനകാര്യ സ്ഥാപനങ്ങള്‍ ആര്‍ബിറ്റേറ്ററെ ഏല്‍പ്പിച്ചും, ആര്‍ബിറ്റേറ്റര്‍ കര്‍ഷകന്റെ സ്വത്ത് ബാങ്കുകളുടെ കടത്തിന് പകരം പിടിച്ച് നല്‍കാന്‍ കോടതികളെ ഏല്‍പ്പിച്ചും മുന്നേറുകയാണ്. റവന്യൂ റിക്കവറിയായും കര്‍ഷകരെ ബാങ്കുകള്‍ വേട്ടയാടുന്നുണ്ട്. ഡെപ്റ്റ് റിക്കവറി ട്രിബ്യൂണലിനെ സമീപിച്ച് കര്‍ഷകരെ സ്വത്ത് പിടിച്ചെടുക്കലും നടക്കുന്നു. കര്‍ഷകര്‍ പോലുമറിയാതെ അവരുടെ ഭൂമി ഓണ്‍ലൈനായി ലേലം ചെയ്തും ബാങ്കുകള്‍ തങ്ങളുടെ മുതല്‍ ഈടാക്കുന്നുണ്ട്. സര്‍ഫാസി നിയമപ്രകാരം പണയ വസ്തു പിടിച്ചെടുക്കുമെന്ന അറിയിപ്പ്, പത്രപ്പരസ്യം, കിടപ്പാടം പിടിച്ചെടുക്കല്‍, പിടിച്ചെടുത്തതിന് ശേഷം ബാങ്കിന്റേതെന്ന് മുദ്രകുത്തല്‍ ഇതെല്ലാം ഇപ്പോള്‍ പതിവായിക്കഴിഞ്ഞു.
മൂന്ന് വര്‍ഷമായി കര്‍ഷകര്‍ക്ക് താങ്ങാവേണ്ടിയിരുന്ന ജുഡീഷ്യല്‍ പവറുള്ള കാര്‍ഷിക കാടാശ്വാസ കമ്മീഷന്‍ വയനാട്ടില്‍ ഒരു സിറ്റിംഗ് പോലും നടത്തിയിട്ടില്ല. കര്‍ഷകരെ കേള്‍ക്കാനും ഉള്‍കൊള്ളാനും കഴിയാത്ത വിധം ദയനീയമായി കാടാശ്വാസ കമ്മീഷന്‍. പല കാരണങ്ങളാല്‍ മടങ്ങി വരേണ്ടി വന്ന പ്രവാസികള്‍ അടക്കമുള്ളവര്‍ ജീവിക്കാനായ് നിരവധി ചെറുകിട സംരഭങ്ങളാണ് ജില്ലയില്‍ ആരംഭിച്ചിട്ടുള്ളത്. ക്ഷീരമേഖലയിലാണ് കൂടുതല്‍ പേരും മുതലിറക്കിയിട്ടുള്ളത്. കോവിഡിന്റെ പാശ്ചാത്തലത്തിലുണ്ടായ നിരന്തരമായ ലോക് ഡൗണുകള്‍ ആ മേഖലേയും കാര്യമായി ബാധിച്ചു. എല്ലാവരും ബാങ്കുകളുടെ സഹായത്തോടെയാണ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയത്. അടവ് മുടങ്ങിയ ഇത്തരം സംരഭങ്ങളും ഇന്ന് ജപ്തി ചെയ്യപ്പെടുകയാണ്. കര്‍ഷകന് അവന്റെ വിളവില്‍ നിന്നുള്ള വരുമാനമായിരുന്നു എക പ്രതീക്ഷ. ആ പ്രതീക്ഷയാവട്ടേ കാലവും കാലാവസ്ഥയും തകര്‍ത്തെറിയുകയുമാണ്.
കഴിഞ്ഞ ദിവസം ജീവനൊടുക്കിയ കല്‍പറ്റ കോടതിയില്‍ അഡീഷണല്‍ ഗവ. പ്ലീഡറും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന ഇരുളം മുണ്ടോട്ടുചുണ്ടയില്‍ ടോമി ഏറ്റവും അവസാനത്തെ ഇരയാവട്ടെ എന്ന നിലക്ക് സര്‍ക്കാരുകളും സംവിധാനങ്ങളും ശക്തമായ നടപടികള്‍ സ്വീകരിക്കുക മാത്രമാണ് ഈ മരണച്ചുഴിയില്‍ നിന്ന് കടക്കാരെ രക്ഷിക്കാനുള്ള ഏകമാര്‍ഗം.

0Shares

Leave a Reply

Your email address will not be published.

Social profiles