എം.ജെ.എസ്.എസ്.എ വാര്‍ഷികാഘോഷത്തിനു ഒരുക്കങ്ങളായി

മാനന്തവാടി: യാക്കോബായ സുറിയാനി സഭയുടെ സണ്‍ഡേ സ്‌കൂള്‍ പ്രസ്ഥാനമായ എം.ജെ.എസ്.എസ്.എയുടെ 100-ാം വര്‍ഷികാ ഘോഷത്തിനു മാനന്തവാടിയില്‍ ഒരുക്കങ്ങളായെന്നു സംഘാടക സമിതി ഭാരവാഹികളായ ഫാ.ഡോ.കുര്യാക്കോസ് വെള്ളച്ചാലില്‍ (പ്രോഗ്രാം കണ്‍വീനര്‍), ഫാ.എല്‍ദോ മനയത്ത് (പബ്ലിസിറ്റി ചെയര്‍മാന്‍), പി.എഫ്.തങ്കച്ചന്‍(സെക്രട്ടറി, എം.ജെ.എസ്.എസ്.എ മലബാര്‍), പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ.എം.ഷിനോജ്, പബ്ലിസിറ്റി കണ്‍വീനര്‍ ജോണ്‍ ബേബി, പള്ളി ട്രസ്റ്റി ഷാജി മൂത്താശേരിയില്‍, സെക്രട്ടറി കുര്യാക്കോസ് വലിയപറമ്പില്‍ ജോയിന്റ് സെക്രട്ടറി റോയി പോള്‍ പടിക്കാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളി അങ്കണത്തില്‍ മെയ് 22നു രാവിലെ 11 മുതലാണ് വടക്കന്‍ മേഖലാ ആഘോഷം. പരിപാടിയുടെ ഭാഗമായുള്ള ഗ്ലോറിയ 1920-2022 കലാവിരുന്ന് ബാലതാരം ഡാവിയ മേരി ബെനും പൊതുസമ്മേളനം വനം മന്ത്രി എ.കെ.ശശീന്ദ്രനും ഉദ്ഘാടനം ചെയ്യും. തദ്ദേശ കളിപ്പാട്ട നിര്‍മാണത്തില്‍ ദേശീയ പുരസ്‌കാകരം നേടിയ ബെനീറ്റ വര്‍ഗീസിനെ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ആദരിക്കും. ജ്യോതിര്‍ഗമയ നേത്ര-അവയവ ദാന സമ്മതപത്രം ഒ.ആര്‍.കേളു എം.എല്‍.എ ഏറ്റുവാങ്ങും. എം.ജെ.എസ്.എസ്.എ ചാരിറ്റി വിതരണ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. എം.ജെ.എസ്.എസ്.എ പ്രസിഡന്റ് ഡോ.മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മോര്‍ ഐറേനിയോസ് അനുഗ്രഹ പ്രഭാഷണവും കണ്ണൂര്‍ റൂറല്‍ അഡീഷനല്‍എസ്.പി പ്രിന്‍സ് അബ്രഹാം മുഖ്യപ്രഭാഷണവും നടത്തും. ബിബ്ലിക്കല്‍ എക്‌സിബിഷന്‍ ഉണ്ടാകും.
22നു രാവിലെ പുല്‍പള്ളി മേഖലയില്‍നിന്നു ദീപശിഖ, ബത്തേരി മേഖലയില്‍നിന്നു ഛായാചിത്രം, മീനങ്ങാടി മേഖലയില്‍നിന്നു പതാക പ്രയാണങ്ങള്‍ എത്തിച്ചേരും. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, ബംഗളൂരു, ചെന്നൈ, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നും അധ്യാപകര്‍, വിദ്യാര്‍ഥികള്‍, മാതാപിതാക്കള്‍ എന്നിവര്‍ എത്തും. വാഹന പാര്‍ക്കിംഗിനു പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും.

0Shares

Leave a Reply

Your email address will not be published.

Social profiles