കോളനി സന്ദര്‍ശനത്തിനു അനുവാദം വേണമെന്നു പട്ടികവര്‍ഗ വികസന വകുപ്പ്; പ്രതിഷേധവുമായി ആദിവാസി സംഘടനകള്‍

കല്‍പറ്റ: വ്യക്തികളും സംഘടനകളും ആദിവാസി കോളനികളില്‍ സന്ദര്‍ശനവും വിവരശേഖരണവും നടത്തുന്നതിനു അനുമതി നേടണമെന്നു പട്ടികവര്‍ഗ വികസന വകുപ്പ്. ആദിവാസി മേഖലകളിലെ ഗവേഷണം, ഫീല്‍ഡ് സര്‍വേ, ഇന്റേണ്‍ഷിപ്പ്, ക്യാമ്പ് എന്നിവയുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പട്ടിവര്‍ഗ വികസന ഡയറക്ടര്‍ അടുത്തിടെ ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം. അനുവാദമില്ലാതെ വ്യക്തികളോ സംഘടനകളെ കോളനി സന്ദര്‍ശനം നടത്തുന്നതു നിര്‍ത്തിവെപ്പിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു സര്‍ക്കുലറില്‍ പറയുന്നു. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളില്‍ സന്ദര്‍ശനാനുമതി നല്‍കുന്നതിനു മുമ്പ് പോലീസ് വകുപ്പുമായി കൂടിയാലോചിക്കണമെന്ന നിര്‍ദേശവും സര്‍ക്കുലറിലുണ്ട്.
ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള അനുമതിക്കു പ്രൊജക്ട് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നിവരില്‍ ഒരാളുടെ അനുമതിയാണ് ആവശ്യം. സര്‍ക്കാര്‍ ആശുപത്രികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന കോളനികള്‍, എം.ആര്‍.എസ്, ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിനുള്ള അനുവാദത്തിനു പ്രൊജക്ട് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ എന്നിവര്‍ക്കു അപേക്ഷ നല്‍കണം. റിസര്‍ച്ച്, ഫീല്‍ഡ് സര്‍വേ, വീഡിയോഗ്രഫി, ഫിലിം ഷൂട്ടിംഗ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ പട്ടികവര്‍ഗ ഡയറക്ടറേറ്റിലാണ് പരിഗണിക്കുക. ജില്ലതലത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ ശുപാര്‍ശ സഹിതം ഡയറക്ടറേറ്റിലേക്കു അയയ്ക്കണം. സാമൂഹിക സേവനവുമായി ബന്ധപ്പെട്ടു കോളനികളില്‍ മൂന്നു ദിവസം വരെ കോളനികളില്‍ ക്യാമ്പ് നടത്തുന്നതിനു പ്രൊജക്ട് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ എന്നിവര്‍ക്കു അനുവാദം നല്‍കാം. പുറമേനിന്നുള്ളവര്‍ രാത്രി കോളനികളില്‍ തങ്ങുന്നു അനുവദിക്കരുതെന്നു സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സ്ഥാപന മേധാവിയുടെ ശുപാര്‍ശയില്ലാത്തതും സന്ദര്‍ശകരുടെ വിവരം ഉള്ളടക്കം ചെയ്യാത്തതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. കുറഞ്ഞത് 14 ദിവസം മുമ്പാണ് അപേക്ഷ നല്‍കേണ്ടത്.
സര്‍ക്കുലറിനെതിരെ ആദിവാസി ഗോത്ര മഹാസഭ, ആദിവാസി വനിതാ പ്രസ്ഥാനം എന്നിവ രംഗത്തുവന്നിട്ടുണ്ട്. ആദിവാസി കോളനികളില്‍ പുറമേനിന്നുള്ളവരുടെ സന്ദര്‍ശനത്തിനു അനുവാദം നിര്‍ബന്ധമാക്കുന്നതിനു പിന്നില്‍ ഗൂഢ താല്‍പര്യങ്ങളുണ്ടെന്നു ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റ് കെ.അമ്മിണി, പ്രവര്‍ത്തകരായ സി.കെ.മിഥുന്‍, സി.എം.കമല, സി.ആര്‍.പുഷ്പ എന്നിവര്‍ പറഞ്ഞു.
ആദിവാസികളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് സര്‍ക്കുലര്‍. കോളനികളില്‍ ആര്‍ പ്രവേശിക്കണം, പ്രവേശിക്കരുത് എന്നു തീരുമാനിക്കേണ്ടത് ഊരു മൂപ്പന്‍മാരാണ്. പട്ടികവര്‍ഗ വികസന വകുപ്പ് ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. ആദിവാസി കോളനികളിലെ പ്രശ്‌നങ്ങള്‍ പുറംലോകം അറിയരുതെന്ന താല്‍പര്യമാണ് സര്‍ക്കുലറിനു പിന്നില്‍. ആദിവാസി മേഖലകളില്‍ മാവോയിസ്റ്റുകള്‍ ഉണ്ടെങ്കില്‍ പോലീസ് അവരെ പിടികൂടണം. സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ പട്ടികവര്‍ഗ വികസന വകുപ്പ് തയാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റ് പറഞ്ഞു.
ആദിവാസികളെ തടവിലിടുന്നവിധത്തിലുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ അംഗീകരിക്കാനാകില്ലെന്നു ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ.ജാനു പറഞ്ഞു. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിനു നേതൃത്വം നല്‍കുമെന്നു അവര്‍ വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published.

Social profiles