മോദി സര്‍ക്കാരിന്റെ എട്ടു വര്‍ഷങ്ങള്‍: സമ്പര്‍ക്ക പരിപാടി വയനാട് ജില്ലാതല ഉദ്ഘാടനം കല്‍പറ്റയില്‍

കല്‍പറ്റ:മോദി സര്‍ക്കാരിന്റെ എട്ടുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങളോടു വിശദീകരിക്കുന്നതിനു ബി.ജെ.പി നടത്തുന്ന സമ്പര്‍ക്ക പരിപാടിയുടെ വയനാട് ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11നു കല്‍പറ്റയില്‍ പാര്‍ട്ടി ആസ്ഥാത്തു നടത്തും. ജില്ലയിലെ ആറ് പാര്‍ട്ടി നിയോജകമണ്ഡല ആസ്ഥാനങ്ങളിലും ഇതേസമയം സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം നടക്കും. ജൂണ്‍ 15 വരെയാണ് സമ്പര്‍ക്ക പരിപാടികള്‍. കര്‍ഷകര്‍, ജീവിത വിജയം നേടിയ വനിതകള്‍ എന്നിവരെ ആദരിക്കലും പരിപാടിയുടെ ഭാഗമാണെന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.പി.മധു, ജനറല്‍ സെക്രട്ടറി കെ.ശ്രീനിവാസന്‍, മീഡിയ കോ ഓര്‍ഡിനേറ്റര്‍ മനോജ് വി.നരേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ സാധാരണക്കാരെ പുരോഗതിയിലേക്കു കൈപിടിച്ചുയര്‍ത്തുന്നതിനു ഏറെ പ്രാധാന്യമാണ് മോദി സര്‍ക്കാര്‍ നല്‍കുന്നത്. 2016ല്‍ ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജനയില്‍ നഗരങ്ങളില്‍ 59 ലക്ഷവും ഗ്രാമങ്ങളില്‍ 2.53 കോടിയും വീടുകളാണ് നിര്‍മിച്ചത്. 67 ലക്ഷം വീടുകളില്‍ ശൗചാലയം നിര്‍മിച്ച് സ്വച്ഛ് ഭാരത് മിഷനു കരുത്തേകി. 2019ല്‍ ആരംഭിച്ച ജല്‍ ജീവന്‍ പദ്ധതിയില്‍ ആറര കോടി വീടുകളില്‍ ശുദ്ധജലം ലഭ്യമാക്കി. 2024 ഓടെ എല്ലാ വീടുകളിലും ശുദ്ധജല ലഭ്യതയാകും. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ 11 കോടി കുടുംബങ്ങള്‍ക്കു മെഡിക്കല്‍ സാമ്പത്തിക സുരക്ഷ ഉറപ്പുനല്‍കി. ഇതിനകം 1.79 കോടി രോഗികള്‍ക്കു 31 കോടി രൂപയുടെ സഹായമാണ് നല്‍കിയത്. 2014 വരെ രാജ്യത്ത് ഏഴ് എയിംസുകളാണ് ഉണ്ടായിരുന്നത്. നിലവില്‍ അവയുടെ എണ്ണം 22 ആയി. ഗരീബ് കല്യാണ്‍ യോജനയില്‍ 80 കോടി ജനങ്ങള്‍ക്കു ഭക്ഷ്യസുരക്ഷ നല്‍കി. കോവിഡ് കാലത്ത് 45 കോടിയിലധികം ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ 23 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ ജനങ്ങളിലെത്തിച്ചു. പ്രധാനമന്ത്രി ഉജ്വല യോജനയില്‍ 29 കോടി ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കി. അസംഘടിത തൊഴിലാളികള്‍ക്കായി പെന്‍ഷന്‍ പദ്ധതി പ്രാവര്‍ത്തികമാക്കി. പ്രധാനമന്ത്രി മാതൃ വന്ദന യോജന, പ്രധാന മന്ത്രി കൗശല്‍ വികാസ് യോജന, സുകന്യ സമൃദ്ധി യോജന, മേര്ര് ഇന്‍ ഇന്ത്യ സ്റ്റാര്‍ട്ടപ്പ്, ദീനദയാല്‍ ഗ്രാം ജ്യോതി യോജന തുടങ്ങിയവയും കേന്ദ്ര സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയ ജനക്ഷേമ പദ്ധതികളാണ്.
കൗശല്‍ വികാസ് യോജനയില്‍ 50 ലക്ഷത്തില്‍ അധികം സ്ത്രീകള്‍ അടക്കം 1.36 കോടി ചെറുപ്പക്കാര്‍ക്കാണ് നൈപുണ്യ വികസന പരിശീലനം നല്‍കിയത്. വയനാട് ഉള്‍പ്പെടെ രാജ്യത്തെ പിന്നാക്ക ജില്ലകള്‍ക്കായി ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം ആവിഷ്‌കരിച്ചതും മറ്റൊരു ഭരണ നേട്ടമാണ്. അന്താരാഷ്ട്ര രംഗത്തും മോദി ഭരണത്തില്‍ രാജ്യത്തിന്റെ കീര്‍ത്തി വര്‍ധിച്ചു. ഇക്കാര്യങ്ങള്‍ സമ്പര്‍ക്ക പരിപാടികളില്‍ ജനങ്ങളോടു വിശദീകകരിക്കുമെന്നും ബി.ജെ.പി ജില്ലാ നേതാക്കള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles