തെയ്യക്കോലങ്ങള്‍ കെട്ടി ഇന്ദുചിന്തയുടെ ചിത്രപ്രദര്‍ശനം

ജില്ലാ കലക്ടര്‍ എ. ഗീത, സബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി എന്നിവര്‍ ഇന്ദുചിന്തയുടെ ചിത്രപ്രദര്‍ശനം നോക്കിക്കാണുന്നു

മാനന്തവാടി: കരിഞ്ചാമുണ്ടി, പോര്‍ക്കലി ഭഗവതി, പുലിയൂര്‍കാളി, പൊട്ടന്‍തെയ്യം, കണ്ടനാര്‍ കേളന്‍… ചെണ്ടക്കോല്‍ തീര്‍ക്കുന്ന താളത്തിനനുസരിച്ച് ഉറയുകയും ചുവടു വെക്കുകയും ചെയ്യുന്ന തെയ്യക്കോലങ്ങള്‍. ചെണ്ടയുടെ കൊട്ട് കേള്‍ക്കാനില്ലെങ്കിലും ഒരു കാവിലെത്തുന്ന പ്രതീതിയുണ്ട് ഇപ്പോള്‍ മാനന്തവാടി ആര്‍ട്ട് ഗാലറിയിലെത്തുന്നവര്‍ക്ക്. ഇന്ദു ചിന്തയുടെ ഫോട്ടോ പ്രദര്‍ശനത്തിലാണ് മലബാറിന്റെ തെയ്യ കോലങ്ങള്‍ കാഴ്ചക്കാരെ കാവിലെത്തിക്കുന്നത്. മലബാറിലെ പ്രധാന തെയ്യങ്ങള്‍ ഫ്രെയിമിലാക്കി ആസ്വാദകരെ പരിചയപ്പെടുത്തുകയാണ് വയനാട് ജില്ലാ പൊലീസ് മേധാവി ഡോ.അരവിന്ദ് സുകുമാറിന്റെ ഭാര്യയും പ്രശസ്ത എഴുത്തുകാരിയുമായ ഇന്ദു ചിന്ത. ‘മലബാറിലെ തെയ്യക്കോലങ്ങള്‍’ എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം എട്ടാം തിയ്യതി വരെ തുടരും.
കാവ്, തെയ്യത്തിന്റെ മുഖമെഴുത്ത്, ഭദ്രകാളി, ആട്ടക്കാരത്തി, ചെരളത്ത് ഭഗവതി, ഇളംകോലം, കണ്ടനാര്‍ കേളന്‍, പുലിയൂര്‍കണ്ണന്‍, പെരുംതട്ട ചാമുണ്ഡി തുടങ്ങിയ കോലങ്ങള്‍ ഉള്‍പ്പെടെ 32 ചിത്രങ്ങളാണ് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പ്രദര്‍ശനം ജില്ലാ കലക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. സബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി, നോര്‍ത്ത് വയനാട് ഡി.എഫ്. ഒ. ദര്‍ശന്‍ ഘട്ടാണി, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്‌ന കരീം, മാനന്തവാടി ഡി.വൈ.എസ്.പി എ.പി.ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തെയ്യത്തെ ആസ്പദമാക്കി ഇന്ദു രചിച്ച ‘തെയ്യം മെര്‍ജിങ് വിത്ത് ദി ഡിവൈന്‍’ എന്ന കൃതി കേരള ഫോക്ലോര്‍ അക്കാദമിയുടെ മികച്ച ഗ്രന്ഥത്തിനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles