ഗവ.സര്‍വന്റ്‌സ് സംഘം തെരഞ്ഞെടുപ്പ്: വയനാട്ടില്‍ എന്‍.ജി.ഒ അസോസിയേഷന്‍ ചേരിപ്പോര് മറനീക്കി

കല്‍പറ്റ: ജൂണ്‍ 18നു നടക്കുന്ന വയനാട് ജില്ലാ ഗവ.സര്‍വന്റ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ എന്‍.ജി.ഒ അസോസിയേഷന്‍ ചേരിപ്പോര് മറനീക്കി. 11 അംഗ ഭരണസമിതിയിലേക്കു എന്‍.ജി.ഒ അസോസിയേഷനിലെ 22 പേരാണ് രണ്ടു ചേരികളിലായി മത്സരിക്കുന്നത്. കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകളുടെ അനുഭാവികളാണ് ഒരു ചേരിയില്‍. പാര്‍ട്ടി ഗ്രൂപ്പുകള്‍ക്കു അതീതരെന്നു പറയുന്നവരാണ് മറു ചേരിയില്‍. ഡി.സി.സി പ്രസിഡന്റ് ഈ വിഭാഗത്തിന്റെ പക്ഷം പിടിക്കുന്നതായി മറുചേരി അടക്കം പറയുന്നുണ്ട്.
എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന നേതൃത്വത്തില്‍ രണ്ടുവര്‍ഷമായി തുടരുന്ന വിഭാഗീയതയാണ് ജില്ലയിലും ചേരിതിരിവ് രൂക്ഷമാക്കിയതെന്നാണ് അങ്ങാടിപ്പാട്ട്. എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സംഘം സ്ഥാപക പ്രസിഡന്റുമായ ജി.എസ്.ഉമാശങ്കര്‍ പിന്തുണയ്ക്കുന്നതാണ് പാനലുകളില്‍ ഒന്ന്. കെ.എ.മുജീബ്, വി.മനോജ്, പി.ജെ.ഷൈജു, കെ.എം.അന്‍വര്‍ സാദത്ത്, പി.എസ്.ഷാജി, ഇ.ടി.രതീഷ്, എം.എന്‍.പുഷ്പവല്ലി, എം.പ്രമീളകുമാരി, വി.എം.ശ്രീലേഖ, കെ.എ.കേളു, ബെന്‍സി ജേക്കബ് എന്നിവരാണ് ഈ പാനലിലെ സ്ഥാനാര്‍ഥികള്‍. മറുചേരിയില്‍ എന്‍.വി.അഗസ്റ്റിന്‍, എം.ജി.അനില്‍കുമാര്‍, മോബിഷ് പി.തോമസ്, കെ.ടി.ഷാജി, വി.സി.സത്യന്‍, സി.എച്ച്.റഫീഖ്, എം.നസീമ, കെ.വി.ബിന്ദുലേഖ, കെ.ഇ.ഷീജമോള്‍, കെ.പി.പ്രതീപ, ഇ.വി.ജയന്‍ എന്നിവരാണ് മത്സര രംഗത്ത്. തിങ്കളാഴ്ചയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.
ഒരേ സംഘടനയില്‍പ്പെട്ടവര്‍ ചേരിതിരിഞ്ഞ് മത്സരിക്കുന്നത് മറ്റു യൂനിയനുകളിലെ ജീവനക്കാര്‍ കൗതുകത്തോടെയാണ് കാണുന്നത്. ജീവനക്കാരനു യാത്രയയപ്പ് നല്‍കാനെന്ന പേരില്‍ ഡി.സി.സി ഓഫീസില്‍ അസോസിയേഷനിലെ ഒരു വിഭാഗം കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. 239 പേര്‍ക്കാണ് സംഘത്തില്‍ അംഗത്വം. വോട്ടര്‍ പട്ടിക കുറ്റമറ്റ രീതിയിലല്ല തയാറാക്കിയതെന്ന ആക്ഷേപം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. പട്ടിയില്‍ ഉള്‍പ്പെട്ടതില്‍ മൂന്നു പേര്‍ മരണമടഞ്ഞവരാണെന്നു അവര്‍ പറയുന്നു. അഞ്ചു വര്‍ഷമാണ് സംഘം ഭരണ സമിതി കാലാവധി. എന്നിരിക്കെ, ഒന്നര വര്‍ഷം കഴിഞ്ഞു റിട്ടയര്‍ ചെയ്യേണ്ടയാളും തെരഞ്ഞുടുപ്പില്‍ മത്സരിക്കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles