പരിസ്ഥിതി ലോല മേഖല: ബത്തേരി നഗരസഭ പ്രമേയം പാസാക്കി

ബത്തേരി: സംരക്ഷിത വന മേഖലയോടു ചേര്‍ന്നു ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖല വേണമെന്ന സുപ്രീം കോടതി ഉത്തരവ് പിന്‍വലിക്കണമെന്നു മുനിസിപ്പല്‍ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ടി.കെ.രമേശ് അവതരിപ്പിക്കുകയും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.റഷീദ്, 16-ാം ഡിവിഷന്‍ കൗണ്‍സിലര്‍ രാധ രവീന്ദ്രന്‍ എന്നിവര്‍ പിന്താങ്ങുകയും ചെയ്ത പ്രമേയം കൗണ്‍സില്‍ ഐകകണ്‌ഠ്യേനയാണ് പാസാക്കിയത്.
സുപ്രീം കോടതി ഉത്തരവ് നഗരസഭയെ പ്രതികൂലമായി ബാധിക്കുമെന്നു പ്രമേയത്തില്‍ പറയുന്നു. നഗരത്തിലെ വിവിധ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും നിലനില്‍പ്പിനു ഭീഷണിയാകുന്നതാണ് കോടതി ഉത്തരവ്. ഇന്നത്തെ പരിസ്ഥിതി ലോല മേഖല നാളെ റിസര്‍വ് വനമാകും. പരിസ്ഥിതി ലോല മേഖലയുടെ പരിധിയും അതില്‍ ബാധമാക്കുന്ന നിരോധനങ്ങളും നിയന്ത്രണങ്ങളും മനുഷ്യരെ കുടിയൊഴിയാന്‍ നിര്‍ബന്ധിതമാക്കുന്നതാണ്. ജനങ്ങളെ ഒഴിവാക്കിയുള്ള പരിസ്ഥിതി സംരക്ഷണം അപ്രായോഗികമാണ്. രാജസ്ഥാനിലെ ജാമിയഘട്ട് വന്യജീവി സങ്കേതത്തിലെ ഖനനവുമായി ബന്ധപ്പെട്ട കോടതി വിധി എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്.
അതിവേഗം വളരുന്ന പട്ടണമായ ബത്തേരിയുടെ വികസനത്തെ തടയുന്നതാണ് കോടതി വിധി. പൊതുവെ പ്രകൃതിയോടു ഇണങ്ങി ജീവിക്കുന്നവരാണ് ബത്തേരിയിലെ ജനം. അതിനുവേണ്ട സഹായം പ്രാദേശിക ഭരണകൂടം നല്‍കുന്നുണ്ട്. നഗരസഭ നടപ്പിലാക്കിയ ക്ലീന്‍ സിറ്റി, ഗ്രീന്‍ സിറ്റി, ഫ്‌ളവര്‍ സിറ്റി പദ്ധതികള്‍ ഇതിനുദാഹരണമാണ്. ഗോത്ര വിഭാഗങ്ങളില്‍പ്പെട്ടതടക്കം ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നതും ടൂറിസം സാധ്യതകള്‍ ഇല്ലാതാക്കുന്നതുമായ ഉത്തരവുകള്‍ പിന്‍വലിക്കണം. നിലവിലെ വനത്തെ വനമായും ജനവാസകേന്ദ്രത്തെ അതേപടിയും നിലനിര്‍ത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles