പങ്കാളിത്ത പെന്‍ഷന്‍: സര്‍ക്കാരിനെതിരേ ജോയിന്റ് കൗണ്‍സില്‍

കല്‍പറ്റ: വിവരാവകാശ കമ്മീഷന്‍ ഉത്തരവായിട്ടും പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധനാസമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവിടാത്ത സര്‍ക്കാര്‍ നിലപാടിനെതിരേ സി.പി.ഐ അനുകൂല സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ രംഗത്ത്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി ജോയിന്റ് കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചു.
പൊതുരേഖയെന്നു വിവരാവകാശ കമ്മീഷന്‍ പ്രഖ്യാപിച്ച റിപ്പോര്‍ട്ട് പുറത്തുവിടേണ്ടെന്ന നിലപാട് സര്‍ക്കാര്‍ തുടര്‍ന്നാല്‍ സമരം ചെയ്യാനും ജോയിന്റ് കൗണ്‍സില്‍ തീരുമാനിച്ചു. ഇക്കാര്യം വ്യക്തമാക്കി സംഘടനയുടെ ജനറല്‍ സെക്രട്ടറി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പങ്കാളിത്ത പെന്‍ഷന്‍കാരുടെ കൂട്ടായ്മയായ സ്റ്റേറ്റ് എന്‍.പി.എസ്.എംപ്ലോയീസ് കലക്ടീവ് കേരളയും സര്‍ക്കാര്‍ നിലപാടിനെതിരേ രംഗത്തുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്ന വിഷയത്തില്‍ സി.പി.എം അനുകൂല സര്‍വീസ് സംഘടനയായ എന്‍.ജി.ഒ യൂനിയന്‍ മൗനത്തിലാണ്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയ വേളയില്‍ അതിനെതിരേ ശക്തമായ സമരം എന്‍.ജി.ഒ യൂനിയന്‍ സംഘടിപ്പിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കാന്‍ എന്‍.ജി.ഒ യൂനിയന്‍ നടത്തുന്ന ശ്രമങ്ങള്‍ പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെട്ടവരെ നിരാശയിലാക്കി. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നതും പങ്കാളിത്ത പെന്‍ഷന്‍കാരില്‍ കടുത്ത അമര്‍ഷത്തിനു കാരണമായി. രാജസ്ഥാനും ഛത്തീസ്ഗഡും ഗോവയും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവായി. പഞ്ചാബ് പദ്ധതി പിന്‍വലിക്കുന്നതിനുള്ള നീക്കത്തിലാണ്. 2013 ഏപ്രില്‍ ഒന്നിന് യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പിലാക്കിയതാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി.

0Shares

Leave a Reply

Your email address will not be published.

Social profiles