പരിസ്ഥിതി ലോല മേഖല: എല്‍.ഡി.എഫ് ഹര്‍ത്താല്‍ ചെകുത്താന്‍ വേദം ഓതുന്നതിനു സമാനം-കെ.എല്‍.പൗലോസ്

കല്‍പറ്റ: സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സൂപ്രീം കോടതി ഉത്തരവിനെതിരെ എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത വയനാട് ഹര്‍ത്താലും മറ്റു സമരങ്ങളും ചെകുത്താന്‍ വേദം ഓതുന്നതിനു സമാനമാണെന്നു കെ.പി.സി.സി എക്‌സിക്യുട്ടീവ് മെംബര്‍ കെ.എല്‍.പൗലോസ് ആരോപിച്ചു. ദൂരവ്യപകമായ പ്രതിസന്ധിക്ക് കാരണമാകുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചത്. ഇതിനെതിരേ ശക്തമായ പ്രതിഷേധവും പ്രതിരോധവും ഉയരുന്നതു തിരിച്ചറിഞ്ഞ സി.പി.എം നാട്ടിലാകെ സര്‍വകക്ഷി സമരാഹ്വാനവുമായി ഇറങ്ങിയിരിക്കുകയാണ്. 2019ലെ പിണറായി സര്‍ക്കാരാണ് സംരക്ഷിത വനങ്ങള്‍ക്കു ചുററും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോടു ശുപാര്‍ശ ചെയ്തത്. മന്ത്രിസഭാ തീരുമാനം അനുസരിച്ചായിരുന്നു ഇത്.
സി.പി.എമ്മുകാര്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ പിണറായി സര്‍ക്കാരിന്റെ അന്നത്തെ തീരുമാനം തിരുത്താന്‍ ആദ്യം ആവശ്യപ്പെടണം. ഇപ്പോഴത്തെ കോടതി ഉത്തരവില്‍, അത്യന്തം ഗുരുതരമായ സാഹചര്യമുണ്ടെന്ന് ബോധ്യം വന്നാല്‍ സംസ്ഥാന സര്‍ക്കാരിനു ഇതില്‍ മാറ്റം വരുത്താന്‍ അധികാരവും കൊടുത്തിട്ടുണ്ട്. അതിനാല്‍ ബഫര്‍ സോണില്‍നിന്നു ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ ഉറച്ച തീരുമാനമെടുക്കേണ്ടതും അക്കാര്യം കോടതിയെ ധരിപ്പിക്കേണ്ടതും സംസ്ഥാന സര്‍ക്കാരാണ്. മറ്റാരോടെങ്കിലും സമരം ചെയ്തു ആളുകളുടെ കണ്ണില്‍ പൊടിയിടുന്നതു പരിഹാസ്യമാണ്. സി.പി.എമ്മും എല്‍.ഡി.എഫും ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിലാണ് സമ്മര്‍ദം ചെലുത്തേണ്ടത്. അതിനു സമരമാര്‍ഗം സ്വീകരിക്കാന്‍ സി.പി.എം തയാറെങ്കില്‍ സര്‍വകക്ഷി സമരത്തെ സ്വാഗതം ചെയ്യുന്നതായും പൗലോസ് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles