പരിസ്ഥിതി ലോല മേഖല: വയനാട്ടില്‍ 16ന് യു.ഡി.എഫ് ഹര്‍ത്താല്‍

കല്‍പറ്റ: സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി ലോല മേഖലയില്‍നിന്നു ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായി ഒഴിവാക്കുന്നതിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് 16നു വയനാട്ടില്‍ യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ നടത്തുന്ന ഹര്‍ത്താലില്‍നിന്നു പത്രം, പാല്‍ വിതരണം, വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളെ ഒഴിവാക്കിയതായി യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ.കരീം, കണ്‍വീനര്‍ എന്‍.ഡി.അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു.
സംരക്ഷിത വനങ്ങളുടെ കുറഞ്ഞതു ഒരു കിലോമീറ്റര്‍ ദുരപരിധിയിലെ പ്രദേശങ്ങള്‍ പരിസ്ഥിതിത ലോല മേഖലയാക്കണമെന്നാണ് സൂപ്രീം കോടതി ഉത്തരവ്. ഇതു വയനാട്ടിലടക്കം വനാതിര്‍ത്തി പ്രദേശങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകും. 2019ല്‍ എല്‍.ഡി.എഫ്. മന്ത്രിസഭായോഗം സരംക്ഷിത വനങ്ങള്‍ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല ശുപാര്‍ശ ചെയ്തിരുന്നു. ഇതും സുപ്രീം കോടതി വിധിയെ സ്വാധിച്ചുവെന്നു കരുതണം. സുപ്രീം കോടതി വിധിയില്‍ ഇളവുകള്‍ ആവശ്യമെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര എംപവേഡ് കമ്മിറ്റിയെയും കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പിനെയും സമീപിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് പറയുന്നുണ്ട്. ഈ സാധ്യത പരാമാവധി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നു യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles