ബഫര്‍സോണ്‍: രാഷ്ടീയ പാര്‍ട്ടികള്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നു-വ്യാപാരി ഏകോപന സമിതി

കല്‍പറ്റ:ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടാണ് വയനാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആരോപിച്ചു. സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി ലോല മേഖലയില്‍നിന്നു ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുന്നതിനു സങ്കുചിത ചിന്താഗതികളും താല്‍പര്യങ്ങളും മാറ്റിനിര്‍ത്തി യോജിച്ചു പ്രവര്‍ത്തിക്കുന്നതിനു പകരം പാര്‍ട്ടികളും മുന്നണികളും സ്വന്തം നിലയ്ക്കു സമരങ്ങള്‍ നടത്തിയും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തും പ്രശ്‌നത്തില്‍ ഇടപെട്ടുവെന്നു വരുത്തിത്തീര്‍ക്കുകയാണ്.
ആറളം, മലബാര്‍, വയനാട് വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജില്ലയിലെ നിരവധി ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടും. ഇതേക്കുറിച്ചു ബോധ്യമില്ലാത്തവരല്ല രാഷ്ട്രീയക്കാര്‍. ജില്ലാതലത്തിലും പ്രദേശികമായും ഹര്‍ത്താല്‍ നടത്തിയാല്‍ ബഫര്‍ സോണ്‍ ഉത്തരവ് കോടതി പുന:പരിശോധിക്കുമെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്. ഉത്തരവില്‍ ഇളവിനു കേന്ദ്ര എംപവേഡ് കമ്മിറ്റി, കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം എന്നിവയെ സമീപിച്ച് നിര്‍ദേശങ്ങള്‍ നല്‍കമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഈ സാധ്യത ഉപയോഗപ്പെടുത്താന്‍ കൂട്ടായ പരിശ്രമം ഉണ്ടാകണം. ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലുകള്‍ പിന്‍വലിക്കണം. എല്‍.എ പട്ടയഭൂമിയിലും വയനാട് കോളേനൈഷന്‍ ഭൂമിയിലും കേരളത്തിലെ റവന്യു ഉദ്യോസ്ഥര്‍ ബാധകമാക്കിയ നിര്‍മാണ നിരോധനം നീക്കാന്‍ ചെറുവിരല്‍പോലും അനക്കാത്തവരാണ് ജില്ലയിലെ ഭരണ, പ്രതിപക്ഷ കക്ഷികളെന്നു യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് കെ.കെ.വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗീസ്, ട്രഷറര്‍ ഇ.ഹൈദ്രു, വൈസ് പ്രസിഡന്റ് കെ. ഉസ്മാന്‍, കെ.കുഞ്ഞിരായിന്‍ ഹാജി, സെക്രട്ടറിമാരായ ജോജിന്‍ ടി.ജോയ്, പി.വി.മഹേഷ്, പി.വൈ.മത്തായി, സി.വി.വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles