ബഫര്‍ സോണ്‍: ജൂണ്‍ 17 എസ്.ഡി.പി.ഐ പ്രതിഷേധ ദിനമായി ആചരിക്കും

കല്‍പറ്റ: വന്യജീവി സങ്കേതങ്ങളുടെ ബഫര്‍ സോണ്‍ വിഷയത്തില്‍ ജൂണ്‍ 17 വയനാട്ടില്‍ എസ്.ഡി.പി.ഐ പ്രതിഷേധ ദിനമായി ആചരിക്കും. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എ.അയ്യൂബ്, ജില്ലാ സെക്രട്ടറിയറ്റംഗം എന്‍.ഹംസ വാര്യാട്, ജില്ലാ കമ്മിറ്റിയംഗം കെ.പി.സുബൈര്‍, മീഡിയ കോ ഓര്‍ഡിനേറ്റര്‍ ടി.പി.അബ്ദുല്‍ റസാഖ് എന്നിവര്‍ അറിയിച്ചതാണ് വിവരം.
സംരക്ഷിത വനങ്ങള്‍ക്കുചുറ്റും കുറഞ്ഞതു ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവ്
ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം.
കോടതി വിധി നടപ്പിലാകുന്നതോടെ കേരളത്തില്‍ 24 വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമായി നാലു ലക്ഷം ഏക്കര്‍ പ്രദേശം
ബഫര്‍ സോണായി മാറും. ഇതു വനാതിര്‍ത്തികളില്‍ താമസിക്കുന്ന ഒന്നര ലക്ഷത്തോളം കുടുംബങ്ങളെ ബാധിക്കും.
ഈ അവസ്ഥയ്ക്കു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ ഉത്തരവാദിത്തമാണ് ഉള്ളത്. വസ്തുതകള്‍ മറച്ചുവെച്ച് കേന്ദ്ര, സംസ്ഥാന ഭരണ-പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന സമര കോലാഹലങ്ങള്‍ പ്രഹസനവും ജനങ്ങളെ കബളിപ്പിക്കലുമാണ്.
ബഫര്‍ സോണ്‍ മാനദണ്ഡം നിശ്ചയിക്കാന്‍ 2002ലാണ് സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റി നിലവില്‍ വന്നത്. ബഫര്‍ സോണ്‍ പരിധി 10 കിലോമീറ്ററായി നിശ്ചയിക്കുകയും തീരുമാനമറിയിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2019 ഒക്ടോബര്‍ 23ന് ചേര്‍ന്ന എല്‍.ഡി.ഫ് മന്ത്രിസഭാ യോഗം ബഫര്‍ സോണ്‍ ഒരു കിലോമീറ്റര്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രാലയത്തിനു ശുപാര്‍ശ നല്‍കിയിരുന്നു. ംസ്ഥാനത്തു കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാരുകള്‍ കൈക്കൊണ്ട നിലപാടുകള്‍ കോടതി വിധിയെ സ്വാധീനിക്കുന്നതിന് കാരണമായിട്ടുണ്ട്. ബഫര്‍ സോണ്‍ ദൂരപരിധിയില്‍ ഇളവിനു സംസ്ഥാന സര്‍ക്കാരുകള്‍ക്കു കേന്ദ്ര എംപവേഡ് കമ്മിറ്റിയെയും വനം-പരിസ്ഥിതി മന്ത്രാലയത്തെയും സമീപിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാമെന്നു സുപ്രീം കോടതി ഉത്തരവിലുണ്ട്. എന്നിരി്‌ക്കെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും വികാരം ഉള്‍ക്കൊണ്ട് കൃത്യമായ പഠനം നടത്തി എത്രയും വേഗം ശുപാര്‍ശകള്‍ സമര്‍പ്പിക്കണം.
ബഫര്‍ സോണ്‍ വിഷയത്തില്‍ സംഘടനകളും കൂട്ടായ്മകളും സ്വന്തം നിലയ്ക്കുള്ള സമരങ്ങള്‍ ഒഴിവാക്കണം. പ്രശ്‌നപരിഹാരത്തിനു ഒറ്റക്കെട്ടായ ശ്രമം ഉണ്ടാകണമെന്നും പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles