ആത്മഹത്യ ചെയ്ത അഭിഭാഷകന്റെ വായ്പ കുടിശിക എഴുതിത്തള്ളുമെന്നു പറഞ്ഞിട്ടില്ലെന്നു സൗത്ത് ഇന്ത്യന്‍ ബാങ്ക്

കല്‍പറ്റ: പുല്‍പള്ളി ഇരുളത്ത് മെയ് 11നു ആത്മഹത്യ ചെയ്ത അഭിഭാഷകന്‍ ടോമിയുടെ വായ്പ കുടിശിക എഴുതിത്തള്ളി പണയവസ്തുവിന്റെ ആധാരം തിരികെ നല്‍കുമെന്നു സമ്മതിച്ചതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നു സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ടോമിയുടെ വായ്പാപ്രശ്‌നത്തില്‍ ഇടതു കര്‍ഷക സംഘടനകളുടെ കൂട്ടായ്മ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുല്‍പള്ളി ശാഖയ്ക്കു മുന്നില്‍ അനിശ്ചിതകാല സമരം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് ബാങ്കിന്റെ പ്രസ്താവന.
വായ്പ കുടിശിക തിരിച്ചുപിടിക്കുന്നതിനു ബാങ്ക് നടത്തിയ ജപ്തി നീക്കത്തില്‍ മനംനൊന്തായിരുന്നു ടോമിയുടെ ആത്മഹത്യ. ഇതേത്തുടര്‍ന്നു ഇടതു കര്‍ഷക സംഘടനകളുടെ കൂട്ടായ്മ ബാങ്കിന്റെ പുല്‍പള്ളി ശാഖയ്ക്കു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു. മെയ് 18നു ബാങ്കിന്റെയും ഇടതു കര്‍ഷക സംഘനകളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിയത്. ടോമിയുടെ കടം എഴുതിത്തള്ളാനും രണ്ടാഴ്ചയ്ക്കകം ആധാരം തിരികെ നല്‍കാനും ബാങ്ക് അധികാരികള്‍ സമ്മതിച്ച പശ്ചാത്തലത്തിലാണ് സമരം നിര്‍ത്തിയതെന്നാണ് ചര്‍ച്ചയ്ക്കുശേഷം കര്‍ഷക സംഘടനാ നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചത്. ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പുകള്‍ ബാങ്ക് അധികൃതര്‍ പാലിച്ചില്ലെന്നു പറഞ്ഞാണ് കഴിഞ്ഞ ദിവസം കര്‍ഷക സംഘടനകളുടെ കൂട്ടായ്മ പുല്‍പള്ളി ശാഖയ്ക്കു മുന്നില്‍ അനിശ്ചിതകാല സമരം വീണ്ടും തുടങ്ങിയത്. ബാങ്കിന്റെ ജില്ലയിലെ മറ്റു ശാഖകള്‍ ഉപരോധിക്കുകയുമുണ്ടായി.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനമെന്ന നിലയില്‍ മാര്‍ഗ നിര്‍ദേശങ്ങളും ചട്ടങ്ങളും അനുസരിച്ചേ സൗത്ത് ഇന്ത്യന്‍ ബാങ്കിനും തീരുമാനങ്ങളെടുക്കാന്‍ കഴിയൂവെന്നു പ്രസ്താവനയില്‍ പറയുന്നു. മരിച്ച ഇടപാടുകാരന്റെ വായ്പ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ യുക്തിസഹമായ നിര്‍ദേശമാണ് ടോമിയുടെ കുടുംബത്തിനു മുമ്പാകെ ബാങ്ക് വെച്ചത്. ടോമിയുടെ വായ്പ അക്കൗണ്ടുകള്‍ 2014ല്‍ നിഷ്‌ക്രിയ ആസ്തിയായി മാറുകയും തിരിച്ചടവില്‍ പ്രതിസന്ധി നേരിടുകയും ചെയ്തതിനെത്തുടര്‍ന്നു അദ്ദേഹത്തെ സഹായിക്കാന്‍ ബാങ്ക് ശ്രമിച്ചുവരികയായിരുന്നു. ഇതിനിടെയാണ് മരണം ഉണ്ടായത്. ടോമിയുടെ കുടുംബം നേരിടുന്ന വിഷമഘട്ടം തരണം ചെയ്യുന്നതിനു അനുതാപപൂര്‍ണമായ നടപടികളാണ് ബാങ്ക് സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി മുന്നോട്ടുവെച്ച നിര്‍ദേശത്തെ വായ്പ പൂര്‍ണമായും എഴുതിത്തള്ളുകയും പണയവസ്തുവിന്റെ ആധാരം തിരികെ നല്‍കുകയും ചെയ്യുമെന്ന തരത്തിലാണ് ചിലര്‍ വ്യാഖ്യാനിച്ചത്. ടോമിയുടെ കുടുംബത്തെ പിന്തുണയ്ക്കാനും വായ്പാ അക്കൗണ്ട് പ്രതിസന്ധി രമ്യമായും നിയമത്തിന്റെ ചട്ടക്കൂടില്‍ നിന്നും പരിഹരിക്കുന്നതില്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles