സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ 22നു വയനാട്ടില്‍

കല്‍പറ്റ: മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റശേഷം ആദ്യമായി സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ 22നു വയനാട്ടിലെത്തുന്നു. രണ്ടിനു കാസര്‍കോട് ആരംഭിച്ച കേരള പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം ജില്ലയില്‍ വരുന്നത്. രാവിലെ 11നു കല്‍പറ്റ ഓഷ്യന്‍ ഹോട്ടല്‍ ഹാളില്‍ സുഹൃദ് സംഗമത്തിലും ഉച്ചകഴിഞ്ഞു മൂന്നിനു ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തക കണ്‍വന്‍ഷനിലും തങ്ങള്‍ പങ്കെടുക്കും.
ജില്ലയിലെ രാഷ്ടീയ, സമൂഹിക, സാസ്‌കാരിക, മത, കല, കായിക രംഗങ്ങളില്‍നിന്നുള്ള 40 ഓളം ആളുകളെ സുഹൃദ്‌സംഗമത്തിലേക്കു ക്ഷണിച്ചതായി മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ.കരീം, ജനറല്‍ സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി, സെക്രട്ടറി എം.മുഹമ്മദ് ബഷീര്‍, നിയോജകമണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പറ്റ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ സുഹൃദ്‌സംഗമം ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് മാധ്യമപ്രവര്‍ത്തകരെ കണ്ടതിനുശേഷമാണ് തങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്ത കണ്‍വന്‍ഷനു എത്തുക. ജില്ലാ, നിയോജകമണ്ഡലം, പഞ്ചായത്ത്, ശാഖ കമ്മിറ്റികളിലില്‍നിന്നുള്ള 2,000 ഓളം സജീവ പ്രവര്‍ത്തകര്‍ കണ്‍വന്‍ഷന്‍ഷനില്‍ പങ്കെടുക്കും. പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ പാര്‍ട്ടിയുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്യും.
ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിലും മത സൗഹാര്‍ദത്തിലും പുകള്‍പെറ്റ കേരളത്തില്‍ ഖേദകരമായ അവസ്ഥയാണ് നിലവിലുള്ളത്. ജനങ്ങളില്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ മുളപ്പിക്കാന്‍ ആസൂത്രിത നീക്കം നടന്നുവരികയാണ്. ഇതിനെതിരായ സന്ദേശം ജനങ്ങളില്‍ എത്തിക്കുകയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ കേരള പര്യടന ലക്ഷ്യമെന്നും ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles