എന്‍.എഫ്.പി.ഒ പ്രഥമ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും 19നു ബത്തേരിയില്‍

കല്‍പറ്റ:രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന മലയാളികളുടെ കൂട്ടായ്മയായ നാഷണല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ (എന്‍.എഫ്.പി.ഒ) പ്രഥമ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ഉദ്ഘാടനവും 19നു ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ നടക്കും. ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ഫിലിപ് ജോര്‍ജ്, വൈസ് ചെയര്‍മാന്‍ എന്‍.എല്‍.അജയകുമാര്‍, കണ്‍വീനര്‍ റസാഖ് ചക്കര, ട്രഷറര്‍ തോമസ് മിറര്‍, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ ഷിനു മരോട്ടിമൂട്ടില്‍, അഡ്വ.ജോസ് വി.തണ്ണിക്കോടന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
‘സ്‌നേഹ സംഗമം-22’ എന്നു പേരിട്ട വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ഫിലിപ് ജോര്‍ജ് അധ്യക്ഷത വഹിക്കും. എന്‍.എഫ്.പി.ഒ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ഉദ്ഘാടനം ടി.സിദ്ദീഖ് എം.എല്‍.എ നിര്‍വഹിക്കും. മുതിര്‍ന്ന കര്‍ഷകനെ ഒ.ആര്‍.കേളു എം.എല്‍.എയും മികച്ച സംരംഭകനെ ഗുണ്ടല്‍പേട്ട് എം.എല്‍.എ നിരഞ്ജന്‍കുമാറും ആദരിക്കും. മരണപ്പെട്ട അംഗം ജിനീഷിന്റെ കുടുംബത്തിനു ‘കണ്ണീരൊപ്പാന്‍ കൈകോര്‍ക്കാം’ പദ്ധതിയില്‍ ഓര്‍ഗനൈസേഷന്‍ നല്‍കുന്ന സാമ്പത്തിക സഹായം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ കൈമാറും. ഓര്‍ഗനൈസേഷന്‍ നടത്തിയ മൊബൈല്‍ ഫോട്ടോഗ്രഫി മത്സര വിജയിക്കുള്ള സമ്മാനം ഗൂഡല്ലൂര്‍ എം.എല്‍.എ പൊന്‍ ജയശീലന്‍ വിതരണം ചെയ്യും. അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാര്‍ഥികളെ നഞ്ചന്‍ഗോഡ് എം.എല്‍.എ ഹര്‍ഷവര്‍ധന്‍ ആദരിക്കും. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ബോണ്ട് വിതരണം ഊട്ടി എം.എല്‍.എ ഗണേഷ് ഉദ്ഘാടനം ചെയ്യും. ‘സ്‌നേഹസംഗമം-2022’ പേരിടല്‍ മത്സര വിജയിക്കുള്ള സമ്മാനം എച്ച്.ഡി കോട്ട എം.എല്‍.എ ചിക്കമാതു കൈമാറും. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ.രമേഷ്, വിവിധ കര്‍ഷക കൂട്ടായ്മ പ്രതിനിധികളായ സനില്‍ ജോണി, എമിസണ്‍ തോമസ്, സാബു ഐപ്പ് എന്നിവര്‍ പ്രസംഗിക്കും. സംഗമത്തില്‍ പങ്കെടുക്കുന്നവരില്‍നിന്നു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഒരാള്‍ക്കു ഒരു പവന്‍ സ്വര്‍ണനാണയം സമ്മാനിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles