മലയാളികള്‍ക്കു ഇതര സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തോളം ഏക്കറില്‍ പാട്ടക്കൃഷി

കല്‍പറ്റ: ഇതര സംസ്ഥാനങ്ങളില്‍ മലയാളികള്‍ പാട്ടക്കൃഷി നടത്തുന്നതു ഒരു ലക്ഷത്തോളം എക്കറില്‍. കര്‍ണാടക, തമിഴ്നാട്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒഡീഷ, മഹാരാഷ്ട്ര, ഗോവ, ആന്ധ്രപ്രദേശ്, തെലങ്കന സംസ്ഥാനങ്ങളിലാണ് കേരളത്തില്‍നിന്നുള്ള കര്‍ഷകര്‍ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിയും വാഴയും ഉള്‍പ്പെടെ കൃഷികള്‍ നടത്തുന്നത്. പാട്ടക്കൃഷിയില്‍ 80 ശതമാനവും കര്‍ണാടകയിലാണ്. പതിറ്റാണ്ടുകള്‍ മുമ്പ് കര്‍ണാടകയിലെ കുടക്, ഷിമോഗ, മൈസൂരു, ചാമരജ്നഗര്‍ ജില്ലകളുടെ വിവിധ ഭാഗങ്ങളിലായിരുന്നു പാട്ടക്കൃഷിക്കു തുടക്കം. പിന്നീടിത് കര്‍ണടകയുടെ ഇതര ഭാഗങ്ങളിലേക്കും ക്രമേണ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ജന്‍മദേശത്തു കൃഷി ഉപജീവനത്തിനു പര്യാപ്തമല്ലാതായ സാഹചര്യത്തിലാണ് കര്‍ഷകര്‍ ഒറ്റയ്ക്കും കൂട്ടായും മറ്റിടങ്ങളിലേക്കു തിരിഞ്ഞത്. ഇതര സംസ്ഥാനങ്ങളില്‍ ഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തി വിജയിച്ചവരും പരാജയപ്പെട്ടവരും ഉണ്ട്.
കൃഷി സഹായ ഉപകരണങ്ങളുടെയും മറ്റു സാമഗ്രികളുടെയും വില്‍പനക്കാരും ഇടനിലക്കാരും പാട്ടക്കൃഷിക്കാരെ വന്‍തോതില്‍ ചൂഷണം ചെയ്്തിരുന്നു. ഈ പ്രശ്നത്തിനു പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് പാട്ടക്കൃഷിക്കാര്‍ സംഘടിച്ചതെന്നു നാഷണല്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ഫിലിപ് ജോര്‍ജ്, കണ്‍വീനര്‍ റസാഖ് ചക്കര എന്നിവര്‍ പറഞ്ഞു. വാട്സ് ആപ് ഗ്രൂപ്പിലൂടെയായിരുന്നു കൂട്ടായ്മയ്ക്കു തുടക്കം. പിന്നീടാണ് സംഘടന രൂപീകരിച്ചു രജിസ്റ്റര്‍ ചെയ്തത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ആയിരത്തോളം കര്‍ഷകര്‍ നിലവില്‍ ഓര്‍ഗനൈസേഷന്റെ ഭാഗമാണ്.
ഓര്‍ഗനൈസഷന്‍ കര്‍ണാടകയിലെ എച്ച്.ഡി കോട്ട താലൂക്കില്‍പ്പെട്ട ഹാന്‍ഡ്പോസ്റ്റില്‍ കൃഷി സഹായ ഉപകരണങ്ങളുടെയും വളങ്ങളും കീടനാശിനികളും അടക്കം മറ്റു സാമഗ്രികളുടെയും വില്‍പനയ്ക്കു സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊത്ത വിതരണക്കാരില്‍നിന്നു വാങ്ങുന്ന ഉല്‍പനങ്ങള്‍ 10 ശതമാനം മാര്‍ജിന്‍ എടുത്താണ് കര്‍ഷകര്‍ക്കു ലഭ്യമാക്കുന്നത്. ഇഞ്ചി, വാഴ കൃഷികളില്‍ പരാജയപ്പെട്ടു നിസ്സഹായരായി നില്‍ക്കുന്നവരെ കൃഷിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും അപ്രതീക്ഷിത പ്രതിസന്ധികളില്‍ അകപ്പെടുന്നവര്‍ക്കു സഹായം എത്തിക്കുന്നതിനും സംഘടന ഇടപെടുന്നുണ്ട്. അംഗങ്ങള്‍ക്കായി രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ ഓര്‍ഗനൈസേഷന്‍ അടുത്തിടെ ഏര്‍പ്പെടുത്തി.
ഓര്‍ഗനൈസേഷന്റെ ഏറ്റവും പുതിയ ചുവടുവയ്പാണ് അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസര്‍ കമ്പനി. ഇഞ്ചിയും നേന്ത്രക്കായയും ഉള്‍പ്പെടെ വിളകള്‍ നേരിട്ടും മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കിയും വിപണികളില്‍ എത്തിക്കുകയാണ് പ്രൊഡ്യൂര്‍ കമ്പനിയുടെ ലക്ഷ്യം. വയനാട്ടിലെ പുല്‍പള്ളി കേന്ദ്രമായാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ 300ല്‍പരം കര്‍ഷകര്‍ ഓഹരി ഉടമകളാണ്. 10,000 രൂപയാണ് ഒരു ഓഹരിയുടെ വില. ഓര്‍ഗനൈസേഷനിലെ മുഴുവന്‍ അംഗങ്ങളെയും ഓഹരി ഉടമകളാക്കുന്നതിനു നീക്കം നടന്നുവരികയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles