വയനാട് വന്യജീവി സങ്കേതത്തില്‍ മഞ്ഞക്കൊന്ന നിര്‍മാര്‍ജനം പുനരാരംഭിച്ചില്ല

വയനാട് വന്യജീവി സങ്കേതത്തില്‍ മഞ്ഞക്കൊന്ന നിര്‍മാര്‍ജനം നടത്തുന്ന തൊഴിലാളികള്‍(ഫയല്‍).

കല്‍പറ്റ-കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ 2020 ഏപ്രിലില്‍ നിര്‍ത്തിവച്ച മഞ്ഞക്കൊന്ന നിര്‍മാര്‍ജനം പുനരാംരഭിച്ചില്ല. അധിനിവേശ സസ്യ ഇനത്തില്‍പ്പെട്ട മഞ്ഞക്കൊന്ന നൈസര്‍ഗികവനത്തെ അനുദിനം കീഴ്പ്പെടുത്തുന്നതിനിടെയാണ് നിര്‍മാര്‍ജന പ്രവൃത്തി പുനരാരംഭിക്കുന്നതില്‍ വിമുഖത. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരുവിലെ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയ്ക്കാണ് വന്യജീവി സങ്കേതത്തില്‍ മഞ്ഞക്കൊന്ന നിര്‍മാര്‍ജനത്തിനു സംസ്ഥാന വനം-വന്യജീവി വകുപ്പ് അനുമതി നല്‍കിയത്. മഞ്ഞക്കൊന്ന നിര്‍മാജനത്തിനു ചെലവ് പൂര്‍ണമായും സൊസൈറ്റിയാണ് വഹിക്കുന്നത്.
വയനാട് വന്യജീവി സങ്കേതം ഉള്‍പ്പെടുന്ന നീലഗിരി ജൈവമണ്ഡലത്തിലെ വനം അധിനിവേശസസ്യങ്ങളുടെ വ്യാപനംമൂലം കടുത്ത ഭീഷണിയിലാണ്. മഞ്ഞക്കൊന്നയ്ക്കു പുറമേ അരിപ്പൂ(കൊങ്ങിണി), കമ്മ്യൂണിറ്റ് പച്ച, ആനത്തൊട്ടാവാടി, ധൃതരാഷ്ട്രപ്പച്ച, പാര്‍ത്തീനിയം, കമ്മല്‍പ്പൂ തുടങ്ങിയ ഇനം അധിനിവേശ സസ്യങ്ങളും വനത്തില്‍ ധാരാളമാണ്. സ്വാഭാവിക സസ്യലതാദികളെ നശിപ്പിച്ചു തഴച്ചുവളരുന്ന ഇവ കാടിന്റെ സന്തുലനത്തെ തകര്‍ക്കുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിരുന്നു.
കര്‍ണാടകയിലെ ബന്ദിപ്പുര, നാഗര്‍ഹോള, കാവേരി, ബിആര്‍ടി, നൂഗു, തമിഴ്നാട്ടിലെ മുതുമല പ്രദേശങ്ങളും ഉള്‍പ്പെടുന്ന നീലഗിരി ജൈവമണ്ഡലത്തില്‍ അധിനിവേശസസ്യങ്ങള്‍ കൂടുതലുള്ളത് വയനാട് വന്യജീവി സങ്കേതത്തിലാണ്. മുത്തങ്ങ, ബത്തേരി, തോല്‍പ്പെട്ടി, കുറിച്യാട് എന്നീ നാല് റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ് 344.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വയനാട് വന്യജീവി സങ്കേതം. ഇതില്‍ കുറിച്യാട് ഒഴികെ റേഞ്ചുകളില്‍ മഞ്ഞക്കൊന്ന വ്യാപകമായി വളരുന്നുണ്ട്. മുത്തങ്ങ റേഞ്ചിലെ കാക്കപ്പാടം, തകപ്പാടി പ്രദേശങ്ങളിലായി നൂറുകണക്കിനു എക്കര്‍ നൈസര്‍ഗിക അടിക്കാടാണ് മഞ്ഞക്കൊന്ന വ്യാപനം മൂലം നശിച്ചത്. പതിറ്റാണ്ടുകള്‍ മുമ്പ് സമൂഹിക വനവത്കരണ വിഭാഗം നട്ടുവളര്‍ത്തിയ തൈകളാണ് വലിയ വിപത്തായി മാറിയത്. തൈകള്‍ വേരോടെ പിഴുതുമാറ്റിയും (അപ്റൂട്ടിംഗ്) വളര്‍ച്ചെയത്തിയവയുടെ തോല്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ചെത്തിനീക്കി ഉണക്കിയും (ബാര്‍ക്കിംഗ്)മഞ്ഞക്കൊന്നകളെ നശിപ്പിക്കാന്‍ വനസേന നടത്തിയ ശ്രമം വിജയിച്ചിരുന്നില്ല. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലങ്ങളില്‍ 28 മീറ്റര്‍ വരെ ഉയരത്തില്‍ കുടയുടെ ആകൃതിയില്‍ വളരുന്ന സസ്യമാണ് മഞ്ഞക്കൊന്ന. മണ്ണിന്റെ നൈസര്‍ഗിക ഗുണങ്ങള്‍ നഷ്ടമാക്കുന്ന മഞ്ഞക്കൊന്ന വലിയതോതിലുള്ള നിര്‍ജലീകരണത്തിനും കാരണമാകുന്നുണ്ട്.
ബംഗളൂരു വൈല്‍ഡ്ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി 2019ലാണ് വന്യജീവി സങ്കേതത്തില്‍ മഞ്ഞക്കൊന്ന നിര്‍മാര്‍ജനം തുടങ്ങിയത്. മഞ്ഞക്കൊന്നയുടെ ചെടികള്‍ വേരോടെ പിഴുത് വീണ്ടും കിളിര്‍ക്കാത്ത രീതിയില്‍ തലകുത്തനെ കുഴിച്ചിടുന്ന രീതിയാണ് സൊസൈറ്റി അവലംബിച്ചത്. ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ പണിയ, കാട്ടുനായ്ക്ക, മുള്ളുക്കുറുമ വിഭാഗങ്ങളിലെ തൊഴിലാളികളെയാണ് പ്രവൃത്തിക്കു നിയോഗിച്ചത്. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനുള്ള തനതു ഫണ്ടാണ് സൊസൈറ്റി മഞ്ഞക്കൊന്ന നിര്‍മാര്‍ജനത്തിനു വിനിയോഗിച്ചത്.
വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, ബത്തേരി റേഞ്ചുകളുടെ അതിര്‍ത്തി പ്രദേശങ്ങളിലായി ഏകദേശം 3,000 ഏക്കറിലാണ് സൊസൈറ്റി മഞ്ഞക്കൊന്ന നിര്‍മാര്‍ജനം നടത്തിയത്. വനത്തിലെ കാക്കപ്പാടം, രാംപൂര്‍, പൊന്‍കുഴി, രാംപള്ളി, മുത്തങ്ങ, തകരപ്പാടി തുടങ്ങിയ പ്രദേശങ്ങളിലായി ചെറുതും വലതുമടക്കം ഒന്നരക്കോടിയോളം മഞ്ഞക്കൊന്നകള്‍ പിഴുതു തലകുത്തനെ കുഴിച്ചിട്ടു. വലിയ ചെടികളുടെ വേരുകള്‍ കൊത്തിയരിഞ്ഞു ഉണക്കി. മഞ്ഞക്കൊന്ന നിര്‍മാര്‍ജനം നടന്ന പ്രദേശങ്ങളിലെ കമ്മ്യൂണിസ്റ്റ് പച്ചയും നശിപ്പിച്ചു. ഒരു ലക്ഷം മുളംതൈകള്‍ നട്ടുപിടിപ്പിച്ചു. ഈ ഘട്ടത്തിലാണ് കോവിഡ് വ്യാപനത്തെത്തുടര്‍ന്നു പ്രവൃത്തി നിര്‍ത്തിവയ്ക്കേണ്ടിവന്നത്. പ്രവൃത്തി പുനരാരംഭിക്കുന്നതില്‍ സൊസൈറ്റിയും വനം-വന്യജീവി വകുപ്പും ശുഷ്‌കാന്തി കാട്ടാത്ത സ്ഥിതിയാണ് ഇപ്പോള്‍.

Leave a Reply

Your email address will not be published.

Social profiles