വേനല്‍ കനക്കുന്നു; വയനാടന്‍ പച്ചപ്പിലേക്കു വന്യജീവികളുടെ കുടിയേറ്റം

വനാതിര്‍ത്തിയില്‍ മേയുന്ന കാട്ടാനക്കൂട്ടം.

കല്‍പറ്റ-വേനല്‍ച്ചൂടിനു കാഠിന്യം വര്‍ധിച്ചതോടെ തമിഴ്‌നാട്ടിലെ മുതുമല, കര്‍ണാടകയിലെ ബന്ദിപ്പുര, നാഗര്‍ഹോള വനങ്ങളില്‍നിന്നു വയനാടന്‍ കാടുകളിലേക്കു വന്യജീവികളുടെ കുടിയേറ്റം. ആനകളാണ് സമീപദേശങ്ങളില്‍നിന്നു താല്‍കാലികവാസത്തിനു എത്തിതില്‍ അധികവും. വേനല്‍ കനത്ത് മുതുമല, ബന്ദിപ്പുര, നാഗര്‍ഹോള വനങ്ങളില്‍ നീര്‍ച്ചാലുകള്‍ വരളുകയും അടിക്കാട് ഉണങ്ങുകയും ചെയ്യുന്ന മാര്‍ച്ചിലാണ് വയനാട്ടിലേക്കു വന്യജീവികളുടെ ധാരാളമായി എത്തുന്നത്. പുറം പൊള്ളിക്കുന്ന വെയിലിനിടയിലും വാടിക്കരിയാത്തെ അടിക്കാടും വറ്റാത്ത ജലസ്രോതസുകളുമാണ് ജില്ലയിലെ കാടുകളിലേക്കു വന്യജീവികളെ ആകര്‍ഷിക്കുന്നത്. സ്വന്തം ആവാസവ്യവസ്ഥ വേനല്‍മഴയുടെ ധന്യതയില്‍ ഹരിതാഭ വീണ്ടെടുക്കുന്നതോടെയാണ് കുടിയേറ്റക്കാരുടെ മടക്കം.
കുടിയേറ്റം മുന്നില്‍ക്കണ്ട് വന്യജീവികളുടെ സംരക്ഷണത്തിനു വനം-വന്യജീവി വകുപ്പും നടപടികള്‍ സ്വീകരിച്ചുവരികയാണ്. ജല ലഭ്യത ഉറപ്പുവരുത്തുന്നതിനു വന്യജീവി സങ്കേതത്തില്‍ പുതുതായി 26 ബ്രഷ്‌വുഡ് തടയണകള്‍ നിര്‍മിച്ചിട്ടുണ്ട്. വനത്തില്‍ വിവിധ ഭാഗങ്ങളിലായുള്ള മറ്റു 168 തടയണകളില്‍ 34 എണ്ണത്തിലെ ചെളി നീക്കി. ഇളംപുല്ലിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനു 289 ഹെക്ടറില്‍ അടിക്കാടു വെട്ടി. 83 ഹെക്ടറില്‍ മുള്‍പടര്‍പ്പുകളും കളകളും നീക്കം ചെയ്തു. കാട്ടുതീ തടയുന്നതിനുള്ള നടപടികളും പുരോഗതിയിലാണ്. 10 മീറ്റര്‍ വീതിയില്‍ 195 കിലോമീറ്റര്‍ ഫയര്‍ലൈന്‍ ഇതിനകം നിര്‍മിച്ചു. ഇതില്‍ 27 കിലോമീറ്റര്‍ സംസ്ഥാന അതിര്‍ത്തിയിലാണ്. കാട്ടുതീ പ്രതിരോധത്തിനു വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ബോധവല്‍കരണം നടത്തിവരികയാണ്. കാട്ടുതീ വീണാല്‍ അണയ്ക്കുന്നതിനും മറ്റു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും 130 താല്‍കാലിക വാച്ചര്‍മാരടക്കം 160 പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 24 സ്ഥിരം ആന്റി പോച്ചിംഗ് ക്യാമ്പുകളും അഞ്ച് വാച്ച് ടവറുകളും വന്യജീവി സങ്കേതത്തില്‍ വിവിധ ഭാഗങ്ങളിലായി ഉണ്ട്. വന നിരീക്ഷണത്തിനു പുതുതായി 15 ഏറുമാടങ്ങളും നിര്‍മിച്ചു. കാട്ടുതീ വാച്ചര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടാലുടന്‍ മേലധികാരികളെ അറിയിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയി. പൊതുജനങ്ങള്‍ക്കു ബന്ധപ്പെടുന്നതിനു 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.
വനത്തോടു ചേര്‍ന്നുള്ള ഗ്രാമങ്ങളിലെ കര്‍ഷക-ആദിവാസി കുടുംബങ്ങളില്‍ അലോസരം സൃഷ്ടിക്കുന്നതാണ് വന്യജീവികളുടെ കുടിയേറ്റം. ഇതര സംസ്ഥാനങ്ങളിലെ വനങ്ങളില്‍നിന്നു എത്തുന്നതടക്കം വന്യജീവികള്‍ ഭക്ഷണവും വെള്ളവും തേടിയുള്ള സഞ്ചാരത്തിനിടെ ഗ്രാമങ്ങളില്‍ ഇറങ്ങുന്നതു പതിവാണ്. സസ്യാഹാരികളായ വന്യജീവികള്‍ വേനല്‍ മാസങ്ങളില്‍ പകല്‍പോലും കൃഷിയിടങ്ങളില്‍ മേയുന്നത് ഗ്രാമീണരെ സംബന്ധിച്ചിടത്തോളം കണ്ടുപഴകിയ ദൃശ്യമാണ്. വനാതിര്‍ത്തിയില്‍നിന്നു കിലോമീറ്ററുകള്‍ അകലെയുള്ള ജനവാസകേന്ദ്രങ്ങള്‍പോലും ആന ഉള്‍പ്പെടെ വന്യജീവികള്‍ എത്താറുണ്ട്.
സൗത്ത് വയനാട്, നോര്‍ത്ത് വയനാട് ഡിവിഷനുകളും ഉള്‍പ്പെടുന്നതാണ് വയനാടന്‍ വനം. ഇപ്പോള്‍ത്തന്നെ ജില്ലയില്‍ കാടിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ രൂക്ഷമാണ് വന്യജീവി ശല്യം. ആനകള്‍ക്കു പുറമേ കാട്ടുപോത്ത്, മാന്‍, പന്നി, മയില്‍ തുടങ്ങിയവയും കൂട്ടങ്ങളായാണ് കാടിറങ്ങുന്നത്. കടുവ, പുലി ശല്യവും അപൂര്‍വമല്ല.
മനുഷ്യ-വന്യജീവി സംഘര്‍ഷവും ജില്ലയില്‍ അനുദിനം മൂര്‍ച്ഛിക്കുകയാണ്. നൈസര്‍ഗിക വനം ഏകവിളത്തോട്ടങ്ങളാക്കിയതിന്റെ തിക്തഫലമാണ് ജില്ലയിലെ വന്യജീവി ശല്യമെന്ന അഭിപ്രായം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. വയനാട് വന്യജീവി സങ്കേതത്തിലും വടക്കേ വയനാട് വനം ഡിവിഷനിലുമായി 11,549 ഹെക്ടര്‍ തേക്കുതോട്ടമുണ്ട്. 344.4 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വന്യജീവി സങ്കേതത്തില്‍ മാത്രം 101.48 ചതുരശ്ര കിലോമീറ്റര്‍ ഏകവിളത്തോട്ടങ്ങളാണ്. വനങ്ങളെ ഏകവിളത്തോട്ടമുക്തമാക്കുന്നതില്‍ ശക്തമായ നീക്കം ഭരണാധികാരികളുടെ ഭാഗത്തു ഉണ്ടാകുന്നില്ല. വന്യജീവി സങ്കേതത്തില്‍ നട്ടുവളര്‍ത്തിയ യൂക്കാലിപ്ട്‌സ്, തേക്കു മരങ്ങളും മറ്റും വെട്ടിനീക്കാന്‍ കേന്ദ്ര വന നിയമങ്ങളില്‍ത്തന്നെ പൊളിച്ചെഴുത്ത് ആവശ്യമാണെന്നു പരിസ്ഥിതി രംഗത്തുള്ളവര്‍ പറയുന്നു.

Leave a Reply

Your email address will not be published.

Social profiles