സറണ്ടര്‍ പോളിസി: കീഴടങ്ങിയ മാവോയിസ്റ്റിനു ചെക്ക് കൈമാറി, എറണാകുളത്ത് വീട് നല്‍കും

കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസ പാക്കേജില്‍ അനുവദിച്ച തുകയുടെ ചെക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി കൈമാറുന്നു. ലിജേഷിന്റെ അമ്മ ലീല, വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍, ഐ.ജി അനൂപ് കുരുവിള ജോണ്‍ എന്നിവര്‍ സമീപം.

കല്‍പറ്റ-2018ല്‍ കീഴടങ്ങല്‍-പുനരധിവാസ പദ്ധതി(സറണ്ടര്‍ പോളിസി) പ്രഖ്യാപിച്ചതിനുശേഷം ആദ്യമായി കീഴടങ്ങിയ മാവോയിസ്റ്റിനു സംസ്ഥാന സര്‍ക്കാര്‍ വീടും സാമ്പത്തിക സഹായവും അനുവദിച്ചു. 2021 ഒക്ടോബര്‍ 25നു രാത്രി വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ മുമ്പാകെ കീഴടങ്ങിയ സി.പി.ഐ(മാവോയിസ്റ്റ്)കബനി ദളം ഡപ്യൂട്ടി കമാന്‍ഡന്റ് കര്‍ണാടക വിരാജ്‌പേട്ട ഇന്ദിരാനഗര്‍ പണിക്കപ്പറമ്പില്‍ ലിജേഷ് എന്ന രാമുവിനാണ്(37)സര്‍ക്കാര്‍ പുതുജീവിതത്തിനു വഴിയൊരുക്കിയത്.
പുനരധിവാസ പാക്കേജിന്റെ ഭാഗമായി ലിജേഷിനു 3,94,000 രൂപയുടെ ചെക്ക് ചൊവ്വാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. ലൈഫ് പദ്ധതിയില്‍ എറണാകുളം ജില്ലയില്‍ ലിജേഷിനു വീട് നല്‍കും. അതുവരെ താമസത്തിനു വാടകയ്ക്കു എടുത്ത വീടിന്റെ താക്കോലും മുഖ്യമന്ത്രി കൈമാറി. തുടര്‍പഠനത്തിനു 15,000 രൂപയുടെ ധനസഹായം ലിജേഷിന് ലഭിക്കും. ഗവ.ഐ.ടി.ഐകളിലോ മറ്റു സ്ഥാപനങ്ങളിലോ പഠനത്തിനു ചേരുന്നതിനു സഹായം ലഭ്യമാക്കും. ജില്ലാ കലക്ടര്‍ അധ്യക്ഷയായ ജില്ലാതല പുനരധിവാസ സമിതി ശുപാര്‍ശ ചെയ്ത പാക്കേജാണ് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നു സര്‍ക്കാര്‍ അംഗീകരിച്ചത്.
വയനാട്ടിലെ പുല്‍പള്ളി അമരക്കുനിയിലായിരുന്നു ലിജേഷിന്റെ ജനനം. അഞ്ചു വയസ്സുള്ളപ്പോഴാണ് അമ്മയ്ക്കും അവരുടെ മാതാപിതാക്കള്‍ക്കുമൊപ്പം വിരാജ്‌പേട്ടയിലെത്തിയത്. നാലാം ക്ലാസ് വരെ പഠിച്ച ലിജേഷ് പിന്നീട് മാവോയിസ്റ്റ് സംഘടനയുടെ ഭാഗമായി. ഏഴു വര്‍ഷം സംഘടനയില്‍ പ്രവര്‍ത്തിച്ച ലിജേഷിനു മാവോയിസ്റ്റ് ആശയങ്ങളുടെ അര്‍ഥശൂന്യത ബോധ്യപ്പെട്ടു. ഇതിനിടെയാണ് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച സറണ്ടര്‍ പോളിസിയെക്കുറിച്ച് അറിഞ്ഞത്. ചെറിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ തുടര്‍നടപടികള്‍ റദ്ദു ചെയ്യലും പൊതുജീവിതത്തിലേക്കു തിരിച്ചുവരുന്നതിനു സാമ്പത്തിക പിന്തുണയും സുരക്ഷയും ഉള്‍പ്പെടെ വാഗ്ദാനം ചെയ്യുന്നതാണ് കീഴടങ്ങല്‍-പുരനധിവാസ പദ്ധതി. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്ന നോട്ടീസ് വയനാട്് ഉള്‍പ്പെടെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലെ പൊതു ഇടങ്ങളില്‍ പോലീസ് പതിച്ചിരുന്നു. സറണ്ടര്‍ പോളിസി പ്രകാരം കീഴടങ്ങുന്നതിനു മാവോവാദികള്‍ക്കു മുന്നില്‍ വാതില്‍ തുറന്നിട്ടിരിക്കയാണ് കേരള പോലീസ്.

Leave a Reply

Your email address will not be published.

Social profiles