ശവ്വാലിന്‍ പൊന്നമ്പിളിമാനത്ത്…

മുസ്‌ലിം ഹൃദയങ്ങളില്‍ ആനന്ദത്തിന്റെ അലയൊലികള്‍ വിതറിയ വിശുദ്ധ റമസാന്‍ വിടപറഞ്ഞു. വിശ്വാസിഹൃദയം വേദനിക്കുന്നു. വേര്‍പാടില്‍ ദുഃഖിക്കുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വിരുന്നെത്തുന്ന നന്‍മയുടെ സുന്ദരവസന്തമായിരുന്നു അത്. സുകൃതങ്ങളുടെ പൂക്കാലമാണ് സലാം പറഞ്ഞ് പിരിഞ്ഞത്.വേദനയും ദുഃഖവും അനിവാര്യമായ സന്ദര്‍ഭം.
പുണ്യ റമസാനില്‍ നാം നേടിയെടുത്ത ആത്മീയശക്തി വരുംകാലങ്ങളില്‍ കാത്തു സൂക്ഷിക്കാന്‍ കഴിയേണ്ടതുണ്ട്. ഒരു മാസക്കാലത്തെ റമസാന്‍ വ്രതത്തിലൂടെ പടുത്തുയര്‍ത്തിയ ആത്മീയസൗധം ഭാവിയിലും നിലനില്‍ക്കണം. പ്രളയവും കോവിഡും സുനാമിയുമൊക്കെ മാനുഷികജീവിതപരിസരങ്ങളില്‍ നിത്യം അഭിമുഖീകരിച്ചേക്കാം. ഒരു കാറ്റിലും കോളിലും ആടിയുലയാത്ത,തകര്‍ന്നു വീഴാത്ത ആത്മീയസൗധമാണ് നോമ്പ് സമ്മാനിച്ചത്. പക്ഷേ, അത് ചായമടിച്ച്,പരിപാലിച്ച്, അറ്റകുറ്റപ്പണികള്‍ നടത്തി അടുത്ത റമസാന്‍ വരെ യഥാര്‍ഥ പരിമളം കാത്തുസൂക്ഷിക്കുന്നവരാണ് വിജയികള്‍.
പുണ്യമാസത്തില്‍ ബന്ധിക്കപ്പെട്ട പിശാചിനെ പെരുന്നാളിന്റെ പൊന്നമ്പിളി ദൃശ്യമായതോടെ അഴിച്ചിടുകയാണ്. പിശാചിന്റെ ലക്ഷ്യം നാം വിയര്‍പ്പൊഴുക്കി, വിശപ്പു സഹിച്ച്, പ്രയാസങ്ങളനുഭവിച്ച്, ക്ഷമയില്‍ മുഴുകി, ഉറക്കമൊഴിച്ച് കെട്ടിപ്പടുത്ത ആആത്മീയ സൗധത്തിനുള്ളിലേക്ക് പ്രവേശിക്കലാണ്. അത് പ്രതിരോധിക്കാനും ചെറുത്തുതോല്‍പ്പിക്കുവാനുമാണ് നമുക്ക് കഴിയേണ്ടത്. ഒരു മാസക്കാലം നമ്മുടെ അധരങ്ങളിലൂടെ ഒഴുകിയ വിശുദ്ധ ഖുര്‍ ആനായിരിക്കണം മുന്നോട്ടുള്ള ജീവിത മാതൃക. വിശക്കുന്ന വയറോടെ വറ്റിവരണ്ട ചുണ്ടുകളോടെ നാം ചെയ്ത പാരായണങ്ങള്‍ കേവലം വായനകളാവരുത്.
പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള കേവലം പട്ടിണിയായിരുന്നില്ല നമ്മുടെ റമസാന്‍ വ്രതം. ഭക്ഷണപാനീയങ്ങള്‍ വര്‍ജിക്കലോടെ ശരീരത്തിന്റെ എല്ലാ ഇച്ഛകളും ഉപേക്ഷിച്ചവരാണ് നാം. തെറ്റുകുറ്റങ്ങള്‍ അന്യമായിരുന്നു. കളവ് പറയാനും പരദൂഷണം നടത്താനും റമസാന്‍ നമുക്ക് തടസ്സമായിരുന്നു. എവിടേയും ശാന്തത കളിയാടിയിരുന്നു. ഇങ്ങനെ നാം സ്വാംശീകരിച്ച സല്‍ഗുണങ്ങളൊക്കെ സ്ഥായിയാവണം.
റമസാന്‍ നേടിത്തന്ന മറ്റൊരു പാഠമാണ് ഐക്യവും സാഹോദര്യവും. ഈ മഹത്തായ സന്ദേശം തന്നെയാണ് ഈദ് ആഘോഷത്തിലൂടെയും ഇസ്‌ലാം നല്‍കുന്നത്. കേവലം വാമൊഴിയോ വരമൊഴിയോ ആയി പരിണമിക്കാതെ റമസാന്‍ നല്‍കിയ സുകൃത ചൈതന്യം ജീവിതത്തിലുടനീളം നിലനിര്‍ത്തുന്നതിലേക്കുള്ള ഗോവണിപ്പടിയാണ് ഈ ദ്. സഹനത്തിന്റേയും ഐക്യത്തിന്റേയും സഹജീവി സ്‌നേഹത്തിന്റേയും സമര്‍പ്പണത്തിന്റേയും മായാത്ത പാദമുദ്രകളുമായി ശവ്വാലിലേക്ക്….
ഏവര്‍ക്കും ഈദുല്‍ ഫിത്വ്ര്‍ ആശംസകള്‍
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്….

ഹാരിസ് ബാഖവി കമ്പളക്കാട്

Leave a Reply

Your email address will not be published.

Social profiles