ഭൂ നികുതി വര്‍ധിപ്പിക്കാനുള്ള ബജറ്റ് നിര്‍ദേശം പിന്‍വലിക്കണം-വയനാട് കര്‍ഷക കൂട്ടായ്മ
*18നു കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ

കല്‍പറ്റ-ഒരേക്കറിനു മുകളിലുള്ള ഭൂമിയുടെ നികുതി വര്‍ധിപ്പിക്കാനുള്ള ബജറ്റ് നിര്‍ദേശം പിന്‍വലിക്കണമെന്നു വയനാട് കര്‍ഷക കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതുള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ച് വയനാട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തുമെന്ന് അവര്‍ അറിയിച്ചു.
ഭൂനികുതി പഞ്ചായത്തുകളില്‍ ഏക്കറിനു 404.70 രൂപയായും മുനിസിപ്പാലിറ്റികളില്‍ 809.40 രൂപയായും വര്‍ധിപ്പിക്കാനാണ് ബജറ്റ് നിര്‍ദേശം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഭൂനികുതിയില്‍ പത്തിരട്ടി വര്‍ധനവാണ്് ഉണ്ടായത്. 2012ല്‍ ഏക്കറിനു 40.47 രൂപയായിരുന്നു നികുതി. 1990ല്‍ ഇതു രണ്ടു രൂപയായിരുന്നു.
പഞ്ചായത്തുകൡും മുനിസിപ്പാലിറ്റികളിലും ഒരേക്കറലിധികം ഭൂമിയുള്ളവരില്‍ അധികവും കൃഷിക്കാരാണ്. നികുതിയില്‍ അന്യായ വര്‍ധന ബാധകമാക്കുന്ന സര്‍ക്കാര്‍ കൃഷിഭൂമികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നില്ല. ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനു ആവശ്യമായ പദ്ധതികള്‍ കൃഷിയിടങ്ങളില്‍ നടപ്പിലാക്കുന്നതില്‍ കൃഷി, ജലസേചന വകുപ്പുകള്‍ പരാജയമാണ്. ജില്ലയിലെ ഒരു ലക്ഷത്തോളം വരുന്ന ചെറുകിട കര്‍ഷകര്‍ക്കു ജലസേചനത്തിനു സൗകര്യം ഒരുക്കിയാല്‍ വിളകളുടെ ഉല്‍പാദനക്ഷമത വര്‍ധിക്കും. എന്നാല്‍ കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ സര്‍ക്കാരിനു ഉദാസീനതയാണ്. കാവേരി നദീജല വിനിയോഗം സംബന്ധിച്ചു 2018 ഫെബ്രുവരിയില്‍ സൂപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ചതാണ്. കേരളത്തിനു അനുവദിച്ച 30 ടി.എം.സിയില്‍ 21 ടി.എം.സിയും വയനാട്ടില്‍ ഉദ്ഭവിച്ചു കര്‍ണാടകയിലേക്കു ഒഴുകുന്ന കബനി നദിയിലേതാണ്. എന്നാല്‍ കോടതി ഉത്തരവുണ്ടായി നാലു വര്‍ഷം കഴിഞ്ഞിട്ടും അര്‍ഹതപ്പെട്ട ജല വിഹിതം ഉപയോഗപ്പെടുത്തുന്നതിനു പദ്ധതികളില്ല. നൂറുകണക്കിനു കുടുംബള്‍ കുടിയൊഴിയേണ്ട വിധത്തില്‍ ജല വിഭവ വകുപ്പ് ആസൂത്രണം ചെയ്ത വന്‍കിട ജലസേചന പദ്ധതികളോട് ജനങ്ങള്‍ പൊതുവെ യോജിക്കുന്നില്ല. ഇടത്തരം, ചെറുകിട പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ജല വിഭവ വകുപ്പിനും താല്‍പര്യമില്ല. ജില്ലയിലെ ജലസമ്പത്ത് കാര്‍ഷിക മേഖലയ്ക്കു ഉപയുക്തമാക്കുന്നതിനു ബജറ്റില്‍ ഭേദഗതി വരുത്തി തുക അനുവദിക്കണം. നേരത്തേ മുഖ്യമന്ത്രി പ്രഖ്യാപിച്ച 7,000 കോടി രൂപയുടെ പഞ്ചവത്സര പാക്കേജിന്റെ 50 ശതമാനം കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനു വിനിയോഗിക്കണം.
വിളകളുടെ ഉല്‍പാദനക്കുറവ്, വിലത്തകര്‍ച്ച, രാസവളങ്ങളുടെ വിലക്കയറ്റം, പ്രളയം, കോവിഡ് എന്നിവയുടെ തിക്തഫലങ്ങള്‍ കൃഷിക്കാരെ ശ്വാസംമുട്ടിക്കുകയാണ്. വയനാട്ടില്‍ കടം കുടിശ്ശികയാക്കിയ 7,000 ഓളം പേര്‍ക്ക് ജപ്തി നടപടിയുടെ ഭാഗമായി റവന്യൂ വകുപ്പ് ഡിമാന്റ് നോട്ടീസ് നല്‍കി. വായ്പയ്ക്കായി കര്‍ഷകര്‍ ഈടു നല്‍കിയ ഭൂമിയും വീടം സര്‍ഫാസി നിയമപ്രകാരം പിടിച്ചെടുക്കുന്നതിനു കേരള ബാങ്ക് ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങള്‍ നീക്കം തുടങ്ങിക്കഴിഞ്ഞു. സര്‍ഫാസി നിയമപ്രകാരമുള്ള നടപടികളില്‍ കോടതികളുടെ ഇടപെടല്‍ സാധ്യമല്ല. ദീര്‍ഘകാല, തന്നാണ്ട് വിളകള്‍ മാത്രം കൃഷി ചെയ്യുന്ന ജില്ലയില്‍ വായ്പ തിരിച്ചടവിനു മൂന്നോ നാലോ മാസം സാവകാശം ലഭിക്കുന്നതുകൊണ്ട് പ്രയോജനമില്ല. നിലവിലെ വായ്പകളുടെ തിരിച്ചടവ് കാലാവധി അഞ്ചു വര്‍ഷം വരെ ദീര്‍ഘിപ്പിക്കണം. വായ്പ തുക വര്‍ധിപ്പിക്കണം. തിരിച്ചടവ് മുടങ്ങല്‍, ഒറ്റത്തവണ തീര്‍പ്പാക്കല്‍ എന്നിവയിലൂടെ സിബില്‍ സ്‌കോര്‍ താഴുന്നതുമൂലം തുടര്‍ വായ്പ ലഭിക്കാത്ത സാഹചര്യവും സംജാതമായിരിക്കയാണ്.
വന്യജീവി ശല്യം ജില്ലയില്‍ വന്‍തോതിലുള്ള കൃഷിനാശത്തിനു കാരണമാണ്. കാട്ടാന, കാട്ടുപന്നി ശല്യത്തിന്റെ രൂക്ഷത മൂലം വയല്‍ തരിശിടുന്ന കര്‍ഷകരുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുകയാണ്. ജില്ലയില്‍ 38 വില്ലേജുകളില്‍ കാട്ടുപന്നി ശല്യം വളരെ കൂടുതലാണെന്നു വനം വകുപ്പുതന്നെ പറയുന്നുണ്ട്. എന്നിട്ടും വന്യജീവി ശല്യം പരിഹരിക്കുന്നതിനു പര്യാപ്തമായ തുക ബജറ്റില്‍ വകകൊള്ളിച്ചിട്ടില്ലെന്നും കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് ഇ.പി.ഫിലിപ്പുകുട്ടി, ജനറല്‍ സെക്രട്ടറി അഡ്വ.ടി.വി.ബാബു, ട്രഷറര്‍ സുലേഖ വസന്തരാജ്, ഹാരിസ് കൂട്ടായി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles